അനർഹരെ പിടികൂടാൻ സിവിൽ സപ്ലൈസ്; 4289 കാർഡുടമകളെ കണ്ടെത്തി

എറണാകുളം: അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്നവർക്കെതിരെ ജില്ലാ സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ പരിശോധനയിൽ 4289 അനർഹരെ കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ നടത്തിയ പരിശോധനയിലാണ് അനർഹരായ കാർഡുടമകളെ തിരിച്ചറിഞ്ഞത്. ഇതിൽ 568 ആളുകൾ എ.എ.വൈ വിഭാഗത്തിലും 3721 ആളുകൾ മുൻഗണനാ വിഭാഗത്തിലും ഉൾപ്പെട്ട കാർഡുകളാണ് കൈവശം വച്ചിരുന്നത്.

ജില്ലയിലെ രണ്ട് സിറ്റി റേഷനിംഗ് ഓഫീസിൻ്റെ നേതൃത്വത്തിലും ഏഴ് താലൂക്ക് സപ്ലൈ ഓഫീസിൻ്റെ മേൽനോട്ടത്തിലുമാണ് നടപടികൾ പുരോഗമിച്ചത്. കൊച്ചി സിറ്റി റേഷനിംഗ് ഓഫീസിൻ്റെ കീഴിൽ എ എ വൈ വിഭാഗത്തിൽ അനർഹരായ 9 പേരെയാണ് കണ്ടെത്തിയത്. മുൻഗണനാ വിഭാഗത്തിൽ നിന്നും 271 കാർഡുടമകളെയും കണ്ടെത്തി. എറണാകുളം റേഷനിംഗ് ഓഫീസിൻ്റെ കീഴിൽ എ എ വൈ വിഭാഗത്തിൽ അനർഹരായ 35 ഉം മുൻഗണനാ വിഭാഗത്തിൽ നിന്നും 189 കാർഡുടമകളെയും കണ്ടെത്തി.

കണയന്നൂർ താലൂക്ക് സപ്ലൈ ഓഫീസ് – 760 , ആലുവ താലൂക്ക് സപ്ലൈ ഓഫീസ് – 632, കുന്നത്തുനാട് – 978, മുവാറ്റുപുഴ – 438, കോതമംഗലം – 318, പറവൂർ – 379, കൊച്ചി-280 കാർഡുടമകളെയും അനർഹരായി കണ്ടെത്തി. അനർഹർ സ്വയം മാറുന്നതിനുള്ള അവസരവും വകുപ്പ് നൽകിയിരുന്നു. ഭൂരിഭാഗം ആളുകളും ഇത്തരത്തിൽ സ്വയം മാറുന്നതിനുള്ള അപേക്ഷ വകുപ്പിന് നൽകി. അനർഹമായി കാർഡ് കൈവശം വയ്ക്കുന്നവരെ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴിയും പരാതി സമർപ്പിക്കാം. ഉദ്യോഗസ്ഥർ നേരിട്ടു നടത്തിയ പരിശോധനയിലും പൊതുജനങ്ങൾ ചൂണ്ടിക്കാട്ടിയ പരാതിയിലുള്ള അന്വേഷണത്തെ തുടർന്നാണ് അനർഹരെ കണ്ടെത്തിയത്. മുൻഗണനാ വിഭാഗത്തിലേക്ക് മാറുന്നതിന്ന് 2465 അപേക്ഷകളും ജില്ലയിൽ ലഭിച്ചു.

മുന്‍ഗണനേതര വിഭാഗത്തിലേക്ക് മാറ്റാത്ത അനര്‍ഹര്‍ക്കെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശാനുസരണം കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അനര്‍ഹമായി വാങ്ങിയ മുഴുവന്‍ റേഷന്‍ സാധനങ്ങളുടേയും കമ്പോളവിലയും പിഴയും കാര്‍ഡുടമയില്‍ നിന്നും ഈടാക്കും. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍, പ്രവാസികളടക്കം റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസം 25000 രൂപയോ അതില്‍ അധികമോ വരുമാനം ഉള്ളവര്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവന മാര്‍ഗമായ ടാക്സി ഒഴികെ സ്വന്തമായി 4 ചക്രവാഹനമുള്ളവര്‍, 1000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുള്ളവര്‍ എന്നിവർ നിലവിലെ നിബന്ധനകള്‍ പ്രകാരം മേല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് അനര്‍ഹരാണ്.

ഇത്തരം കാര്‍ഡുകള്‍ ആരെങ്കിലും അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ക്കും ഇക്കാര്യം അറിയിക്കാം. മേല്‍ വിഭാഗം കാര്‍ഡുകളിലും സബ്സിഡി കാര്‍ഡുകളിലും മരണമടഞ്ഞ അംഗങ്ങളുടെ പേര് നിലനില്‍ക്കുന്നുണ്ടെങ്കില്‍ കാര്‍ഡുകളില്‍ നിന്നും ഇവരെ കുറവ് ചെയ്യുന്നതിന് അക്ഷയ സെന്റെറുകൾ മുഖേന അപേക്ഷ സമര്‍പ്പിക്കണം. ആധാര്‍ നമ്പര്‍ ഇനിയും റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ (അംഗങ്ങള്‍ ഉള്‍പ്പെടെ) ഉടന്‍ ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം.