പീഡന പരാതി ഒതുക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപണം

    തിരുവനന്തപുരം: എന്‍ സി പി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ട് മന്ത്രി എ കെ ശശീന്ദ്രൻ. എന്‍ സി പി നേതാവ് യുവതിയുടെ കൈയിൽ കയറി പിടിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു.  ശശീന്ദ്രനും പെൺകുട്ടിയുടെ പിതാവും തമ്മിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തായിട്ടുണ്ട്

    സംഭവസമയത്ത് പൊലീസിൽ പരാതി ഉന്നയിക്കാന്‍ ധൈര്യമുണ്ടായില്ലെന്നും തുടര്‍ച്ചയായി പത്മാകരന്‍ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം നടത്തുന്ന പശ്ചാത്തലത്തിലാണ് പരാതിപ്പെട്ടതെന്നും യുവതി വ്യക്തമാക്കി
    പരാതിക്കാരിയുടെ അച്ഛൻ എന്‍റെ പാർട്ടിക്കാരനാണ്, കാര്യം അന്വേഷിക്കാനാണ് വിളിച്ചത്

    വിവാദ ശബ്‌ദരേഖയിൽ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രൻ രംഗത്ത്,പരാതിക്കാരിയുടെ അച്ഛൻ തന്‍റെ പാർട്ടിക്കാരനാണ്. കാര്യം അന്വേഷിക്കാനാണ് വിളിച്ചത്, ആദ്യം കരുതിയത് പാർട്ടിയിലെ പ്രശ്‌നം ആണെന്നാണ്, പിന്നീടാണ് വിഷയം അറിഞ്ഞതെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു

    നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി

    മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായരാണ് പരാതി നൽകിയത്. കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ കാഴ്‌ചയാണ്‌ ഇന്ന് കേരള സമൂഹം കണ്ടതെന്ന് പരാതിയില്‍ പറയുന്നു.                         കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ, ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതി ഒതുക്കിത്തീർക്കാൻ പ്രേരിപ്പിച്ച  മന്ത്രി എ.കെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രിക്ക് നിർദേശം നൽകണമെന്ന് അഡ്വ. വീണ എസ് നായർ ഗവർണർക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ഒരു മന്ത്രി തന്നെ  സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിക്കുന്നത് കേട്ട് കേൾവിയില്ലാത്തതും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വയ്ക്കുന്ന മൂല്യങ്ങൾക്കും എതിരാണ്. ധാർമികമായും നിയമപരമായും ഈ മന്ത്രിക്കു തൽസ്ഥാനത്തു തുടരാൻ അവകാശമില്ല. സംസ്ഥാനത്തെ സ്ത്രീകളുടെ ആകെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മന്ത്രിയെ പുറത്താക്കാൻ ഗവർണർ മുൻകൈ എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.