ഉറ്റവരെ വിസ്മയിപ്പിക്കാൻ സ്നേഹം പൊതിഞ്ഞ ഓണസമ്മാനം

ഓണം കൂടാൻ എത്താൻകഴിയാത്ത ഉറ്റവരെയോർത്തു മനസു വിങ്ങുന്നവർക്ക് അപ്രതീക്ഷിതമായി അവരുടെ സ്നേഹസമ്മാനം എത്തിയാൽ അത് എത്ര സന്തോഷകരം ആയിരിക്കും! ഏറെനാളായി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ചില കൗതുകവസ്തുക്കൾ ആ സമ്മാനപ്പെട്ടിയിൽ ഉണ്ടായാലോ? കേവലം ഓണസമ്മാനത്തിനപ്പുറം, ദാരിദ്ര്യം കാരണം ഓണമില്ലാത്ത ഒന്നോ രണ്ടോ കുടുംബങ്ങളിൽ പുഞ്ചിരിയുടെ പൂക്കളവും പൂത്തിരിയും വിരിയാൻകൂടി വഴിയൊരുങ്ങുന്നു എന്ന് അറിയുമ്പോഴോ? മനസു നിറയ്ക്കുന്ന ഇരട്ടിമധുരം!

സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള മുഴുവൻ കേരളീയർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന അത്തരമൊരു ഓണസമ്മാനപദ്ധതി ഒരുക്കിയിരിക്കുകയാണ് കേരളതലസ്ഥാനത്തു കോവളത്തു ടൂറിസം വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ്. ‘ഗിഫ്റ്റ് എ ട്രഡിഷൻ’ എന്നു പേരിട്ട പദ്ധതി ഉറ്റവർക്ക് ഓണക്കോടിയും സമ്മാനങ്ങളും നല്കുക എന്ന കേരളീയപൈതൃകത്തെ ഓർമ്മപ്പെടുത്തൽകൂടിയാണ്.

ഓണത്തിനു വീട്ടിൽ എത്താൻ കഴിയാത്തവർ ഓൺലൈനായി ഓർഡർ നല്കിയാൽ കമനീയമായ പെട്ടിയിൽ സമ്മാനം നാട്ടിലെ ബന്ധുക്കളുടെ കൈയിലെത്തും. നാട്ടിൽത്തന്നെ ഉള്ളവർക്ക് മികച്ച ഈ ഓണക്കണികൾ സ്വന്തം പേരിൽ വരുത്തി വേണ്ടപ്പെട്ടവർക്കു നേരിട്ടു സമ്മാനിക്കുകയുമാകാം.

കേരളത്തിലും പുറം‌നാടുകളിലും മികച്ച സംരംഭങ്ങൾ നടത്തുന്ന കേരളീയർക്ക് സ്വന്തം ഇടപാടുകാർക്കും പ്രധാന ഉപഭോക്താക്കൾക്കും വിശിഷ്ഠവ്യക്തികൾക്കും ജീവനക്കാർക്കും മറ്റു വേണ്ടപ്പെട്ടവർക്കുമൊക്കെ ഇക്കൊല്ലത്തെ ഓണസമ്മാനം ‘ഗിഫ്റ്റ് എ ട്രഡിഷൻ’ സമ്മാനപ്പെട്ടികൾ ആക്കാനും കഴിയും.

ഓണപ്പുടവയായി കസവോ കരയോ ഉള്ള, കൈത്തറിയിൽ നെയ്ത, മുണ്ടും നേര്യതും ആണു സമ്മാനപ്പെട്ടിയിലെ പ്രധാനയിനം. കൈത്തറിധോത്തിയും കൈത്തറിസാരിയും വേണ്ടവർക്ക് അവയുമുണ്ട്. കൂടാതെ, കേരളത്തനിമയും ഗൃഹാതുരത്വവുമുള്ള, ഹൃദ്യമായ, ഗൃഹാലങ്കാരത്തിനുപറ്റുന്ന കരകൗശലവസ്തുക്കളും. ഒരു വാൽക്കണ്ണാടിയോ നെട്ടൂർപ്പെട്ടിയോ കാൽപ്പെട്ടിയോ കഥകളിരൂപമോ മഞ്ചാടിക്കുടുക്കയോ അവചിലത് ഒന്നിച്ചോ അടങ്ങുന്ന സമ്മാനപ്പെട്ടികൾ. ഇവയൊക്കെത്തേടി ആൾക്കൂട്ടമുള്ള കടകളിൽ കയറിയിറങ്ങി കോവിഡ് ബാധിക്കാനുള്ള സാദ്ധ്യതയും ഒഴിവാക്കാം.

കോവിഡിന്റെ വരവുമുതൽതന്നെ വില്പനയും തൊഴിലും നഷ്ടപ്പെട്ടു ദുരിതത്തിൽ കഴിയുന്ന പതിനായിരക്കണക്കായ കൈത്തറി-കരകൗശലത്തൊഴിലാലികൾക്കും കുടുംബങ്ങൾക്കും ഓണത്തിനെങ്കിലും നേരിയ ആശ്വാസം പകരാൻ ഉദ്ദേശിച്ചാണ് ‘ഗിഫ്റ്റ് എ ട്രഡിഷൻ’ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ക്രാഫ്റ്റ് വില്ലേജിലെ മികച്ച കലാകാരരും പുറത്തുള്ള വിദഗ്ദ്ധരും ബാലരാമപുരം, ചേന്ദമംഗലം, കുത്താമ്പുള്ളി, കണ്ണൂർ, കല്ലൻചിറ എന്നീ പ്രധാനനെയ്ത്തുകേന്ദ്രങ്ങളിലെല്ലാമുള്ള സമർത്ഥരായ നെയ്ത്തുകാരുമാണ് ഇവയെല്ലാം ഉത്പാദിപ്പിക്കുന്നത്.

കോവിഡുമൂലം പ്രതിസന്ധിയിലായ അവരുടെ കുടുംബങ്ങൾക്ക് ഓണം‌കൊള്ളാൻ അവസരം ഒരുക്കാൻകൂടി ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. അതിനാൽ, ലാഭേച്ഛയും ഇടനിലക്കാരും ഇല്ലാതെ, ഉത്പാദകർ നിശ്ചയിക്കുന്ന വിലയ്ക്ക് അവരിൽനിന്നു ശേഖരിച്ച് പായ്ക്കിങ്ങിനും അയയ്ക്ക്ലിനും വേണ്ട ചെലവുകൾ മാത്രം ചേർത്തുള്ള വിലയാണ് സമ്മാനങ്ങൾക്കു നിശ്ചയിച്ചിട്ടുള്ളത്.

അന്യം‌നില്ക്കൽഭീഷണി നേരിടുന്നതും കേരളത്തിന്റെ നാടൻസാങ്കേതികത്തികവിന്റെ പ്രതീകവും ഭൗമസൂചിക കൈവരിച്ചതുമായ ഉത്പന്നങ്ങളാണ് സമ്മാനപ്പെട്ടികളിൽ ഉള്ള ആറന്മുളക്കണ്ണാടിയും നെട്ടൂർപ്പെട്ടിയും മറ്റും. ഒരു വസ്ത്രം കൈത്തറിയിൽ പിറവി കൊള്ളുന്നതാകട്ടെ, ഒരു തൊഴിലാളി ഒന്നേകാൽലക്ഷത്തിലേറെ തവണ ഇരു കൈകാലുകളും പ്രവർത്തിപ്പിച്ചാലാണ്. പരുത്തിക്കർഷകർ മുതൽ നൂൽനൂറ്റവരും വണ്ടിയോടിച്ചവരും തറി പണിതവരും നെയ്ത്തുവിദ്യ വികസിപ്പിച്ച പൂർവ്വസൂരികളുമൊക്കെ ചൊരിഞ്ഞ അദ്ധ്വാനവും അതിലുണ്ട്. ഇവയ്ക്കൊപ്പം സൗന്ദര്യബോധവും ഭാവനയും പരമ്പരാഗതസാങ്കേതികജ്ഞാനവും ഉൾച്ചേരുന്നതാണ് ഈ സമ്മാനങ്ങളുടെയൊക്കെ യഥാർത്ഥ മൂല്യം.

ഓരോരുത്തരുടെയും അഭിരുചിക്കനുസരിച്ചു തെരഞ്ഞെടുക്കാൻ ഓരോ തരം സമ്മാനപ്പെട്ടിയുടെയും വിവരങ്ങളും വിലയും അടങ്ങുന്ന ബ്രോഷറും വെബ്‌സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. ജൂലൈ 31-നകം ലഭിക്കുന്ന ഓർഡറുകൾക്കുള്ള സമ്മാനം നെയ്തും നിർമ്മിച്ചും സംഭരിച്ചു പായ്ക്ക് ഓണത്തിനുമുമ്പുതന്നെ മേൽവിലാസക്കാർക്ക് എത്തിക്കാൻ കഴിയും.

ഈ വെബ്‌സൈറ്റ് ലിങ്കുകളിലൂടെ സമ്മാനപ്പെട്ടികളിലെ ഉള്ളടക്കം കാണുകയും ഉചിതമായവ തെരഞ്ഞെടുക്കുകയും ഓൺലൈനായിത്തന്നെ ഓർഡർ നല്കുകയും ചെയ്യാം:
https://www.kacvkovalam.org/catalogue,