ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാൻ ഉത്തരവിടില്ലെന്ന് സുപ്രീംകോടതി.വരേണ്യ വർഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.പൊതുസ്ഥലങ്ങളിലെ ഭിക്ഷാടനം നിരോധിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയിലാണ്  കോടതി നിലപാട് വ്യക്തമാക്കിയത്. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളില്‍ ഭവനരഹിതരായവര്‍ ഉള്‍പ്പെടെ നടത്തുന്ന ഭിക്ഷാടനം തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.                          മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തവരാണ് ഭിക്ഷ യാചിക്കുന്നത്.അത് ദാരിദ്ര്യത്തിന്റെ അവസ്ഥയാണ്. അവര്‍ക്ക് മാറ്റു മാര്‍ഗമില്ല. യാചിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.ദാരിദ്ര്യത്തിന്റെയും സാമുഹിക- സാമ്പത്തിക പ്രശ്‌നങ്ങളുടെയും മറുവശമാണ് ഭിക്ഷാടനമെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അതേസമയം, ഭിക്ഷാടകരെ വാക്‌സിനേറ്റ് ചെയ്യുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കാന്‍ കോടതി കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനും നോട്ടീസ് അയച്ചു.