സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സർക്കാരിന്റെ കോവിഡ് നയത്തെ വിമർശിച്ചും പരിഹസിച്ചും പ്രതിപക്ഷം.ഇടത്തേ  കൈ കൊണ്ട് ഫൈൻ കൊടുക്കുകയും വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയുമാണ് സർക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. സംസ്ഥാനത്തെ കോവിഡ് നയം വളരെ അശാസ്ത്രീമാണ്. മുഴുവൻ അടച്ചിടുക. എന്നിട്ട് ഇടയ്ക്ക് തുറക്കുക,കൂലിവേലക്കാർക്കും ഓട്ടോറിക്ഷാ തൊഴിലാളികൾക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. ആരാണ് ഈ കോവിഡ് നയവും അടച്ചിടൽ നയവും തീരുമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു. ബിവറേജസ് കോർപ്പറേഷൻ കൊണ്ടുവന്നതുപോലുള്ള സംവിധാനം മറ്റു മേഖലകളിലും നടപ്പാക്കണം. അവിടെ കൃത്യമായി എല്ലാം നടക്കുന്നു. മറ്റു മേഖലകളിൽ എന്തുകൊണ്ട് അതിനു കഴിയുന്നില്ല.  സകലതും അടച്ചിട്ട് എല്ലാവരുടേയും ജീവിതം മുട്ടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും, കുഞ്ഞാലിക്കുട്ടി ചോദിച്ചു.                           കിറ്റ് അല്ല, ജനങ്ങളുടെ കയ്യിൽ നേരിട്ട് പണം എത്തിക്കണം. ആരുടെ കൈയിലും പണമില്ല. മാസം രണ്ടായിരമോ അയ്യായിരമോ കൊടുക്കണം. അപ്പോൾ വിപണിയിലേക്ക് അത് തിരിച്ചു വരും. കിറ്റ് കൊടുക്കരുത് എന്നല്ല പറയുന്നത്. കിറ്റ് കൊണ്ടു മാത്രം കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.