കിംസ്ഹെല്‍ത്തില്‍ സ്പോട്ട് വാക്സിനേഷന്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിംസ്ഹെല്‍ത്ത് 24 മണിക്കൂര്‍ സ്പോട്ട് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നു. ജൂലൈ 31 ന് രാവിലെ 8 മുതല്‍ ഓഗസ്റ്റ് ഒന്നിന് രാവിലെ 8 വരെ തിരുവനന്തപുരം കിംസ്ഹെല്‍ത്ത് ആശുപത്രിയിലാണ് വാക്സിനേഷന്‍ നടക്കുക. 10000 ഗുണഭോക്താക്കള്‍ക്ക് ഇതില്‍ പങ്കാളികളാകാം. കോവാക്സിന്‍, കോവിഷീല്‍ഡ് എന്നിവയുടെ ആദ്യത്തെയും രണ്ടാമത്തെയും ഡോസുകള്‍ ലഭ്യമാണ്.

സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചതു മുതല്‍ കിംസ്ഹെല്‍ത്തും വാക്സിനേഷന്‍ പ്രവര്‍ത്തനവുമായി രംഗത്തുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടാണ് സ്പോട്ട് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നത്.
നിലവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് 19 പോസിറ്റീവ് കേസുകള്‍ ഗണ്യമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ത്വരിത ഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനം കൂടിയാണ് കിംസ്ഹെല്‍ത്ത് ലക്ഷ്യമിടുന്നത്. സ്പോട്ട് വാക്സിനേഷന്‍ വഴി പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കുന്നതിലൂടെ പ്രതിരോധ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് കരുതുന്നത്.