ഡെങ്കി, സിക്ക പ്രതിരോധം: ആഗസ്റ്റ് എട്ടുവരെ ശുചീകരണം: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ ജനങ്ങൾ വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കാൻ തയാറാകണമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അഭ്യർത്ഥിച്ചു. നേരത്തെ നടത്തിയ മഴക്കാല പൂർവ ശുചീകരണ പരിപാടിക്ക് നല്ല പിന്തുണയാണ് പൊതുസമൂഹത്തിൽ നിന്നും ലഭിച്ചിരുന്നത്. അതിന്റെ തുടർച്ചയെന്ന നിലയിൽ വിപുലമായ ശുചീകരണം ആഗസ്റ്റ് ഒന്നുമുതൽ എട്ടുവരെ നടത്തി ഡെങ്കി, സിക്ക തുടങ്ങിയ പകർച്ചവ്യാധികളുടെ വ്യാപനത്തെ ചെറുക്കണമെന്ന് മന്ത്രി പറഞ്ഞു.
കെട്ടികിടക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്തും വെള്ളക്കെട്ടുകൾ കൊതുകുവളർത്തു കേന്ദ്രങ്ങളാകാതെ സൂക്ഷിച്ചും വീടും പരിസരവും ഓഫീസ് സമുച്ചയങ്ങളും പൊതുഇടങ്ങളും വൃത്തിയാക്കിയും നാടിനെ രക്ഷിക്കാനാവും.
ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുൻകൈയെടുക്കണം. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മഹിളാ-യുവജന സംഘടനകളെയും ക്ലബ്ബുകളെയും ഗ്രന്ഥശാലകളെയും സന്നദ്ധ സംഘടനകളെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയുമെല്ലാം അണിനിരത്തി ശുചീകരണ പ്രവർത്തനങ്ങൾ എല്ലാ തദ്ദേശസ്ഥാപന പ്രദേശങ്ങളിലും സംഘടിപ്പിക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.