അന്വേഷണത്തിന് ഉത്തരവ്
ശ്രീനഗര്‍• അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാര്‍ക്കു ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന സൈനികന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തില്‍. 29 ബറ്റാലിയനിലെ ടി.ബി.യാദവാണ് തങ്ങളുടെ പരാധീനതയെക്കുറിച്ച് പോസ്റ്റിട്ടത്. ഉന്നത ഉദ്യോഗസ്ഥരെയടക്കം വിമര്‍ശിക്കുന്ന നാലുമിനിട്ടുള്ള മൂന്നു വിഡിയോയാണ് യാദവ് ഫെയ്സ്ബുക്കിലിട്ടിരുന്നത്.
വിഡിയോ വൈറലായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് സൈനികര്‍ക്കു ലഭിക്കുന്നതെന്ന് യാദവ് വിഡിയോയിലൂടെ ആരോപിക്കുന്നു. ഒരു പൊറോട്ടയും ചായയും മാത്രമാണ് പ്രഭാത ഭക്ഷണമായി ലഭിക്കുന്നത്. കറിയായി അച്ചാറോ പച്ചക്കറിയോ ഒന്നും കിട്ടാറില്ല.മഞ്ഞളും ഉപ്പും മാത്രം ചേര്‍ത്ത പരിപ്പുകറിയാണ് ഉച്ചയ്ക്ക് റൊട്ടിക്കൊപ്പം ലഭിക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ 11 മണിക്കൂറോളം കാവല്‍ നില്‍ക്കുന്നവരാണ് ഞങ്ങള്‍.
എങ്ങനെയാണ് ഒരു ജവാന് ഇങ്ങനെ ജോലി ചെയ്യാന്‍ കഴിയുന്നത് – യാദവ് ചോദിക്കുന്നു. ചില രാത്രികളില്‍ ഭക്ഷണം പോലും കഴിക്കാതെ, ഒഴിഞ്ഞ വയറുമായാണ് ഉറങ്ങാന്‍ പോകുന്നതെന്നും അദ്ദേഹം പറയുന്നു.
സൈനികര്‍ക്കു വേണ്ടിയുള്ള സാധനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ അത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയാണ്. അധികാരമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നതിനാല്‍ തന്റെ ജീവന്‍ തന്നെ അപകടത്തിലായേക്കാമെന്നും യാദവ് പറയുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം പ്രഖ്യാപിക്കണമെന്നും യാദവ് ആവശ്യപ്പെടുന്നു.
വിഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബിഎസ്‌എഫ് ജവാന്റെ അവസ്ഥയെക്കുറിച്ചുള്ള വിഡിയോ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരസെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നു നിര്‍ദേശിച്ചതായും രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.
സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ബിഎസ്‌എഫും വ്യക്തമാക്കി. 2010ല്‍ കോര്‍ട്ട് മാര്‍ഷലടക്കമുള്ള നടപടികള്‍ നേരിട്ടയാളാണ് യാദവെന്നും നാലു വര്‍ഷത്തിനുശേഷമാണ് ജോലിയില്‍ തിരികെ പ്രവേശിച്ചതെന്നും ബിഎസ്‌എഫ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.