രാജശേഖരന്‍ പിള്ളക്കിത് സേവനനിരതമായ ജീവിതത്തിനുള്ള പുരസ്‌കാരം

മനാമ : ബംഗ്ലൂരുവില്‍ നടന്ന പ്രവാസി ഭാരതീയ ദിവസില്‍ ഈ വര്‍ഷം പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ബെഹ്‌റിനിലെ പ്രവാസി മലയാളി വി.കെ. രാജശേഖരന്‍ പിള്ളയുടെ സേവന പ്രവര്‍ത്തനങ്ങള്‍ പ്രവിശാലമാണ്. കഴിഞ്ഞ 37 വര്‍ഷമായി സ്വദേശത്തും വിദേശത്തും വിവിധ ബിസിനസ് മേഖലകളിലും സംരംഭങ്ങളിലും തന്റേതായ സാന്നിധ്യവും വ്യക്തിത്വവും പതിപ്പിച്ച് പിള്ള, സ്വന്തം നാട്ടുകാരുടെയും പ്രവാസികളുടെയും ക്ഷേപ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ്.

ആലപ്പുഴ ജില്ലയിലെ മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയായ രാജശേഖരന്‍ പിള്ള നാട്ടിലെ സ്‌കൂള്‍ പഠനം പത്താം ക്ലാസില്‍ അവസാനിപ്പിച്ചാണ് 1978-ല്‍ മുംബൈയിലേക്കു വണ്ടി കയറിയത്. പിന്നീട് ഭോപ്പാല്‍ സര്‍വ്വകലാശാലയില്‍ നിന്നു ബിരുദം സ്വന്തമാക്കി. തുടര്‍ന്ന് നാഷണല്‍ അഡൈ്വര്‍ടൈസിംഗ് എന്ന സ്ഥാപനത്തില്‍ 10 വര്‍ഷത്തോളം ജോലി ചെയ്തു. അതിനു ശേഷമാണ് സൗദിയിലെത്തുന്നത്.

സൗദിയില്‍ ജോലി ചെയ്തിരുന്ന കമ്പനിക്ക് കാര്യമായ പുരോഗതി ഇല്ലാത്ത ഘട്ടത്തില്‍ സ്‌പോണ്‍സര്‍ക്കൊപ്പം ചേര്‍ന്ന് ‘നജിഡ്‌സ് സെന്റര്‍ ഫോര്‍ സേഫ്റ്റി സപ്ലൈസ്” എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങി. സൗദിയില്‍ തന്നെ ‘അലാറം വേള്‍ഡ്’ എന്ന മറ്റൊരു കമ്പനിയും അദ്ദേഹം സ്ഥാപിച്ചു.

തുടര്‍ന്ന് 2002-ലാണ് രാജശേഖരന്‍ പിള്ള ബഹ്‌റിനിലെത്തിയത്. അവിടെ നാഷണല്‍ ഫയര്‍ ആന്റ് സേഫ്റ്റി എന്ന ഒരു സ്ഥാപനം ആരംഭിച്ചു. പിന്നീട് നാഷണല്‍ ഫയര്‍ ഫൈറ്റിംഗ് കമ്പനി എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി.

ബഹ്‌റിനു പുറമേ യു.എ.ഇ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി ഗാര്‍നെറ്റ്, ഗ്ലോബല്‍ ട്രൈഡിംഗ്, സിംഗപ്പൂരില്‍ സ്ഥാപിച്ച എഞ്ചിനീയറിംഗ് കോര്‍പ്പറേഷന്‍,  ഗ്ലിറ്റ്‌സ് ഐ.ടി സൊലൂഷന്‍ എന്നിവയും അദ്ദേഹത്തിന്റെ ബിസിനസ് വളര്‍ച്ചയില്‍ പൊന്‍ തൂവലായി. സാരംഗി റിസോര്‍ട്ട്, നാഷണല്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്, ഗ്ലോബല്‍ മീഡിയ റിസര്‍ച്ച് സെന്റര്‍, നാഷണല്‍ സിമന്റ് പ്രൊഡക്ട്‌സ് എന്നിങ്ങനെ സ്വന്തം നാട്ടിലും പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. സേവന പ്രവര്‍ത്തനങ്ങള്‍ക്കായി രാജശ്രീ ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. അക്ഷയ പുസ്തകനിധിയുടെ 2014-ലെ മികച്ച വ്യവസായിക്കും സാമൂഹിക പ്രവര്‍ത്തകനുമുള്ള ദേശീയ പുരസ്‌കാരത്തിന് രാജശേഖരന്‍ പിള്ള അര്‍ഹനായിരുന്നു.

മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയായ കൃഷ്ണപണിക്കരുടെയും ശാരദാമ്മയുടെയും ആറു മക്കളില്‍ മൂന്നാമത്തെയാളാണ്. ബി.എ, ബി.എഡ് ബിരുദധാരിയായ ശ്രീകലയാണ് ഭാര്യ. മൂത്തമകള്‍ രാജശ്രീ എറണാകുളം എന്‍.ഐ.ടിയില്‍ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ശ്രീരാജ് ബഹ്‌റിനിലെ ഇന്ത്യന്‍ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.