സര്‍ക്കാര്‍ നിയന്ത്രണങ്ങളുമായി സഹകരിക്കും: വ്യാപാരികള്‍

കടകളിലെ തിരക്ക് കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന തീരുമാനങ്ങളുമായി പൂര്‍ണമായും സഹകരിക്കുമെന്ന് വിവിധ വ്യാപാര സംഘടന നേതാക്കള്‍ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തില്‍ കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാപാര സംഘടന നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും ഇക്കാര്യത്തില്‍ ജനങ്ങളുടെ കൂടി സഹകരണം ആവശ്യമാണെന്നും വ്യാപാരികള്‍ പറഞ്ഞു. രോഗമുക്തര്‍ക്കും 72 മണിക്കൂറിനിടയിലെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും പ്രവേശനം എന്നത് അപ്രായോഗികമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൂടാതെ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കൂടുതല്‍
വാക്സിന്‍ ലഭ്യമാകുന്നതുവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി പ്രാദേശിക തലത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

വാക്‌സിന്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ വ്യാപാരികള്‍ക്ക് നിലവില്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും കൂടുതല്‍ വാക്സിന്‍ വരുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍  നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ ജെ റീന അറിയിച്ചു. ഓണം അടുത്ത സാഹചര്യത്തില്‍ വ്യാപാരകേന്ദ്രങ്ങളില്‍ തിരക്ക് കൂടുന്നത് ഒഴിവാക്കാന്‍ പ്രത്യേക മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കോവിഡ് സ്പെഷ്യല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് വ്യാപാരികളോട് ആവശ്യപ്പെട്ടു.

കടകളിലെ തിരക്ക് കുറക്കുന്നതിന്റെയും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്റെയും ഉത്തരവാദിത്തം വ്യാപാര സ്ഥാപനങ്ങള്‍ ഏറ്റെടുക്കണം. പുതിയ കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തും. വ്യാപാരികള്‍ക്ക് പരമാവധി സൗകര്യങ്ങളൊരുക്കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഇളവുകളെ തുടര്‍ന്ന് രോഗ വ്യാപനം കൂടുന്ന സാഹചര്യം ഉണ്ടാവാതെ നോക്കേണ്ട ബാധ്യത എല്ലാവര്‍ക്കുമുണ്ട്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ മറ്റൊരു ലോക്ക്ഡൗണിലേക്ക് കാര്യങ്ങളെത്തുന്ന സ്ഥിതിയാവും. ഇതൊഴിവാക്കാന്‍ അടുത്ത രണ്ടാഴ്ച കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വ്യാപാര സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് നിരീക്ഷണം ശക്തമാക്കാനും യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ഉത്സവകാലം ആശങ്കയില്ലാതെ ആഘോഷിക്കാനും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നല്ലരീതിയില്‍ വ്യാപാരം നടത്താനുമുള്ള മാര്‍ഗങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ ഡി എം ഒ ഡോ.കെ ജെ റീന, ഡി പി എം ഡോ.കെ എന്‍ സതീഷ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ജയപ്രകാശ്, വ്യാപാരി-വ്യവസായി തൃശൂര്‍ ഏരിയ സെക്രട്ടറി ജോയ് പ്ലാറ്റേരില്‍, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, ജില്ലയിലെ 13 മണ്ഡലങ്ങളിലെയും വ്യാപാരി-വ്യവസായി സംഘടന പ്രതിനിധികളും പങ്കെടുത്തു.