ഐ.എ.എസ് – ഐ.പി.എസ് തര്‍ക്കം കാരണം ഭരണം നിശ്ചലം
അരി വില 40 രൂപ കടന്നിട്ടും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് വിലപിടിച്ചു നിര്‍ത്താന്‍ കഴിയാതെ നെട്ടോട്ടമോടുന്നു
ഐ.എ.എസ് ഉദ്യോഗസ്ഥരെ വിരട്ടിയ മുഖ്യമന്ത്രിയോട് ഐ.എ.എസ് അസോസിയേഷന് അതൃപ്തി
സര്‍ക്കാരും ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് വികസനമുരടിപ്പ്. ഐ.എ.എസ് ഉദ്യോഗസ്ഥരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് അകാരണമായി പീഡിപ്പിക്കുന്നുവെന്നാണ് ഇവരുടെ ആക്ഷേപം. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താറുമാറായി. ബജറ്റവതരണത്തിനെ പോലും ഈ നിസ്സഹകരണം ബാധിക്കുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തങ്ങളുടെ പരാതികള്‍ ബോധിപ്പിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി അവരെ വിരട്ടി ഓടിച്ചതോടെ പ്രശ്‌നം വീണ്ടും രൂക്ഷമായിരിക്കയാണ്. സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടു മാസം മാത്രം അവശേഷിക്കെ പ്ലാന്‍ ഫണ്ടിന്റെ കേവലം 28 ശതമാനം മാത്രമാണ് ചെലവായിരിക്കുന്നത്. 2015 ഡിസംബറില്‍ 41.5% ചെലവഴിച്ചിരുന്ന സ്ഥാനത്താണ് ദയനീയമായ ഈ അവസ്ഥ.
വിജിലന്‍സ് കേസുണ്ടാകുമോ എന്ന ഭയപ്പാടില്‍ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരാരും ഫയലുകളില്‍ തീരുമാനമെടുക്കുന്നില്ല. അന്വേഷണത്തേക്കാളുപരി തങ്ങളെ വിജിലന്‍സ് ഡയറക്ടര്‍ അപമാനിക്കുന്നുവെന്നാണ് ഐ.എ.എസുകാരുടെ പരാതി. 2016-2017 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ വിഹിതമായ 24000 കോടിയില്‍ കേവലം 6831.7 കോടി രൂപയ്ക്കാണ് ഭരണാനുമതി കിട്ടിയിരിക്കുന്നത്.
ഭരണത്തിലേറി ഏഴു മാസമായപ്പോഴേക്കും നിഷ്‌ക്രിയമായ സര്‍ക്കാരെന്ന പേരു ദോഷം പിണറായി സര്‍ക്കാരിന് വന്നു ഭവിച്ചു കഴിഞ്ഞു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ കഴിവില്ലായ്മ പ്രകടമാക്കുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. അരി വില 40 രൂപ കടന്നിട്ടും സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് വിലപിടിച്ചു നിര്‍ത്താന്‍ കഴിയാതെ നെട്ടോട്ടമോടുന്നു. ഭക്ഷ്യമന്ത്രിക്കാണെങ്കില്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. എല്ലാ വകുപ്പുകളുടെയും അവസ്ഥ ഏതാണ്ട് ഇതൊക്കെ തന്നെയാണ്. അധികാരത്തിലെത്തി ഏഴു മാസം കഴിഞ്ഞിട്ടും ഒരു വകുപ്പിന്റെ പോലും നയം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമായും ടൂറിസം, കൃഷി, എക്‌സൈസ്, പഞ്ചായത്ത്, ഭക്ഷ്യം തുടങ്ങി ജനജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പുകളുടെ നയരൂപീകരണത്തിന് കഴിയാത്തത് ഭരണത്തെ സംബന്ധിച്ച് വലിയ പോരായ്മയാണ്. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് പല തട്ടില്‍ നില്‍ക്കുന്നത് കൊണ്ട് ഈ നിഷ്‌ക്രിയാവസ്ഥയില്‍ പോലും സര്‍ക്കാരിന് കാര്യമായ പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുന്നില്ല.
സംസ്ഥാനത്തെ ഒരു പ്രമുഖ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ തന്റെ വകുപ്പില്‍ വാടകയ്ക്ക് മാസാടിസ്ഥാനത്തില്‍ കാര്‍ വാടകയ്ക്ക് എടുക്കുന്നതിന്റെ ഫയല്‍ പോലും അനുമതി തേടി ധനകാര്യ വകുപ്പിലേക്ക് അയക്കുന്ന സ്ഥിതിയാണുള്ളത്. ഇത്തരം വിഷയങ്ങളില്‍ പോലും തീരുമാനമെടുക്കാതെ ഫയലുകള്‍ ധന-നിയമവകുപ്പുകളില്‍ അഭിപ്രായം തേടി അയക്കുന്ന ദയനീയ അവസ്ഥയാണുള്ളത്. സെക്രട്ടറിതലത്തില്‍ സ്വീകരിക്കേണ്ട തീരുമാനങ്ങള്‍ ഭൂരിപക്ഷവും മന്ത്രിമാരുടെ ഓഫീസുകളിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. മന്ത്രിമാരും വിജിലന്‍സ് അന്വേഷണം ഭയന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഫയലുകള്‍ വിടുകയാണ്. ഏറെ പ്രതീക്ഷകളോടെ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരിന്റെ പരമദയനീയമായ പ്രകടനമാണ് ഭരണതലത്തില്‍ നടക്കുന്നത്. എല്ലാം ശരിയാക്കാന്‍ വന്നവര്‍ പാളയത്തിലെ പട മൂലം ഒന്നും ശരിയാക്കാനാവാത്ത അവസ്ഥയിലാണിപ്പോള്‍. സമീപകാലത്തൊന്നും കേരളത്തില്‍ ഇത്ര ചുരുങ്ങിയ കാലയളവില്‍ നിഷ്‌ക്രിയമായി പോയ ഒരു സര്‍ക്കാരുണ്ടായിട്ടില്ല.
 
            


























 
				
















