പീഡനക്കേസിലെ പ്രതിയെ പിന്തുണച്ച് ഡി.ജി.പി; വനിതാ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

എയര്‍ഇന്ത്യ സാറ്റ്‌സ് പീഡനക്കേസിലെ പ്രതിയ്ക്ക് ഡി.ജി.പിയുടെ പിന്തുണ

സ്ത്രീസുരക്ഷയുടെ പേരു പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാരിന്റെ പോലീസ് മേധാവിയില്‍ നിന്നും ഇരകള്‍ക്ക് നീതിയില്ലെന്ന് ആരോപണം. 

ഇരകള്‍ പറയുന്നത് വിശ്വസനീയമല്ലെന്നും ഡി.ജി.പി

എയര്‍ഇന്ത്യ സാറ്റ്‌സിലെ വൈസ് പ്രസിഡന്റ് പ്രതിയായ ലൈംഗിക പീഡനക്കേസില്‍ സംസ്ഥാന പോലീസ് മേധാവി പ്രതിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതായി പരാതി.

നേരത്തെ മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തന്നെ കാണാനെത്തിയവരോടാണ് ആരോപണ വിധേയനായ വ്യക്തിയ്ക്ക് അനുകൂലമായ നിലയില്‍ ഡി.ജി.പി നിലപാട് വ്യക്തമാക്കിയത്. ഇരയായ പെണ്‍കുട്ടികളുടെ മൊഴിയും വനിതാ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നായിരുന്നു ഡി.ജി.പിയുടെ നിലപാട്.

എയര്‍ഇന്ത്യ സാറ്റ്‌സില്‍ ജോലിയെടുക്കുന്ന പെണ്‍കുട്ടികളാണ് പീഡനശ്രമത്തിനെതിരെ സ്ഥാപനത്തിന്റെ വൈസ് പ്രസിഡന്റായ ബിനോയ് ജേക്കബിനെതിരെ പരാതി നല്‍കിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ പരാതി കൊടുത്തത്. മറ്റു പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂല നിലപാടുണ്ടായില്ല. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷനും പെണ്‍കുട്ടികള്‍ പരാതി നല്‍കി.

മനുഷ്യാവകാശ കമ്മീഷന്‍ അനന്തര നടപടികള്‍ സ്വീകരിച്ചു വരികയാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്തു നിന്ന് പരാതിക്കാരുടെ മൊഴിയെടുക്കലിനപ്പുറം നടപടിയൊന്നുമുണ്ടായില്ല. പോലീസ് നടപടി വൈകുന്നതിനെ കുറിച്ച് പരാതി പറയാനും നടപടി വേഗത്തിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍ണമെന്നുമാവശ്യപ്പെട്ടുമാണ് മുന്‍ സര്‍ക്കാരിലെ ജെന്‍ഡര്‍ അഡൈ്വസറായിരുന്ന ഡോ. ഗീത ഗോപാല്‍, സഖി റിസോഴ്‌സ് സെന്ററിലെ മേഴ്‌സി അലക്‌സാണ്ടര്‍, ഗീതാനസീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ഡി.ജി.പിയെ കണ്ടത്. എന്നാല്‍ ഡി.ജി.പിയുടെ നിലപാട് ഇരകള്‍ക്ക് എതിരായിരുന്നുവെന്ന് വനിതാ പ്രവര്‍ത്തകര്‍ പറയുന്നു.

പരാതിക്കാരായ പെണ്‍കുട്ടികള്‍ പറയുന്ന കാര്യങ്ങള്‍ താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഡി.ജി.പിയുടെ ആദ്യ പ്രതികരണം. അവര്‍ക്കു വേണ്ടി സംസാരിക്കാനെത്തിയ വനിതാ പ്രവര്‍ത്തകരേയും താന്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

കേസിന്റെ തുടര്‍ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ പരാതിക്കാരായ പെണ്‍കുട്ടികളെ തനിക്ക് ചോദ്യം ചെയ്യണമെന്ന അസാധാരണമായ അഭിപ്രായവും അദ്ദേഹം മുന്നോട്ടുവെച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കിയ സംഭവത്തിലാണ് ഡി.ജി.പിയുടെ വിചിത്രമായ നിലപാട്.

കുറ്റാരോപിതനായ വ്യക്തി കുഴപ്പക്കാരനല്ലെന്ന അഭിപ്രായവും അതിനിടെ ഡി.ജി.പിയുടെ ഭാഗത്തു നിന്നുണ്ടായി. സ്ത്രീപീഡനക്കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് ക്രമസമാധാന പാലനത്തിന്റെ ചുമതലയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു നിലപാടുണ്ടായത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഡി.ജി.പിയുടെ നിഷേധാത്മാക സമീപനത്തെ വനിതാ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അല്‍പനേരത്തെ വാദപ്രതിവാദത്തിനു ശേഷമായിരുന്നു സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നും തുടര്‍ നടപടി സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കാമെന്നും ഡി.ജി.പി നിലപാടെടുത്തത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തിയ ശേഷം കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയതും അതിനു ശേഷമായിരുന്നു.