മിസ്സിസ് ഹിറ്റ്ലർ ആര്? ആ രഹസ്യം വെളിപ്പെടുത്താൻ സിനിമ താരം അനുശ്രീ എത്തുന്നു

കൊച്ചി: മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്ലർ നിർണായക വഴിത്തിരിവിലേക്ക്. ഞൊടിയിടയിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച ഡി കെ- ജ്യോതി ജോഡിയുടെയും വിവാഹ ആഘോഷത്തിന്റെ പ്രോമോ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ സിനിമാതാരം അനുശ്രീ എത്തുന്നു എന്നതാണ് ഈ വിവാഹ സ്പെഷ്യൽ എപ്പിസോഡിന്റെ വലിയ ആകർഷണം. അതിഥിയായി എത്തുന്നതിനു പുറമെ സീരിയലിലെ ആകാംഷ നിറഞ്ഞ ഒരു രംഗത്തിൽ താരവും പങ്കുചേരും. പുതിയ പ്രൊമോയിൽ എല്ലാവരുടെയും കണ്ണ് വെട്ടിച്ചു കല്യാണപ്പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ജ്യോതിയുമായി അനുശ്രീ നടത്തുന്ന സംഭാഷണം പ്രേക്ഷകർക്കിടയിൽ വലിയ ആവേശമാണ്  സൃഷ്ടിച്ചിരിക്കുന്നത്.  ആരാകും ഡികെയുടെ ഭാര്യയാകുക? മരുമക്കളുടെ ആഗ്രഹപ്രകാരം സിത്താരയോ?  അതോ ജ്യോതിയോ? ഈ സസ്പെൻസ് നിറഞ്ഞ നിമിഷങ്ങൾ ഒന്നരമണിക്കൂർ ദൈർഘ്യമുള്ള മെഗാഎപ്പിസോഡിലൂടെ സെപ്റ്റംബർ 3 നു രാത്രി 7:30 മുതൽ പ്രേക്ഷകർക്ക് മുന്നിലേക്കെത്തും.
ഈയിടെ സീരിയലിൽ നടന്ന മഞ്ഞൾ കല്യാണവും പ്രേക്ഷകർക്ക് പുത്തനൊരു അനുഭവം തന്നെയായിരുന്നു.
കില്ലർ മേക്കോവറിൽ തിരിച്ചെത്തിയ ഷാനവാസ്, മേഘ്ന വിൻസെന്റ് എന്നീ താരങ്ങളാണ് ഹിറ്റ് ജോഡി ദേവ് കൃഷ്ണയെയും ജ്യോതിയെയും അവതരിപ്പിക്കുന്നത്. കൂടാതെ സിനിമ -സീരിയൽ താരം പൊന്നമ്മ ബാബുവും ഒരു മുഖ്യ വേഷത്തിൽ പരമ്പരയിലുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഭാവത്തിലും പെരുമാറ്റത്തിലും കർക്കശക്കാരനായ നായകനായി ഷാനവാസും . അതിൽ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായ ജ്യോതിയായി മേഘ്ന വിൻസെന്റും എത്തുന്നു. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ് പരമ്പരയുടെ പ്രധാന കഥാതന്തു.

മിസ്സിസ് ഹിറ്റ്ലർ പരമ്പരയിലെ   മംഗല്യ എപ്പിസോഡുകൾ മുടങ്ങാതെ കണ്ട്  മംഗല്യപ്പട്ടു സ്വന്തമാക്കാനുള്ള സുവർണാവസരവും ചാനൽ പ്രേക്ഷകർക്കായൊരുക്കുന്നുണ്ട്. ഈ പട്ടുസാരി മത്സരത്തിൽ പങ്കെടുക്കുന്നതിനായി, മിസ്സിസ് ഹിറ്റ്ലറുടെ ഈ ആഴ്ചയിലെ എപ്പിസോഡുകളിൽ വരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ മതിയാവും.