കേരളത്തിലെ കമ്മീഷനുകളുടെ അവസ്ഥയെന്ത് ? മനുഷ്യാവകാശ കമ്മീഷന് ആറുമാസമായി അധ്യക്ഷനില്ല, പ്രവാസി കമ്മീഷന്‍ പ്രവര്‍ത്തനം മതിയാക്കുമെന്ന അവസ്ഥയില്‍

സ്വാശ്രയ കോളേജുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സാങ്കേതിക സർവകലാശാല ഓമ്പുഡ്സ്മാനെ നിയമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ കേരളത്തിൽ പ്രവർത്തിക്കുന്ന  കമ്മീഷനുകളുടെയും ഓമ്പുഡ്സ്മാൻമാരുടെയും സ്ഥിതിയെന്താണ്?

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കമ്മീഷനുകൾ ഒന്നൊന്നായി പ്രവർത്തനം മതിയാക്കുകയാണ്. പ്രവാസികളുടെ ക്ഷേമത്തിനായി ഉമ്മൻ ചാണ്ടി സർക്കാർ രുപീകരിച്ച പ്രവാസി കമ്മീഷൻ പിണറായി സർക്കാരിന്റെ ചിറ്റമ്മനയം കാരണം പ്രവർത്തനം മതിയാക്കുന്നു. നേരത്തെ പുറ്റിങ്ങൽ വെടിക്കെട്ട് അന്വേഷണ കമ്മീഷനും ഇതേ മട്ടിൽ പ്രവർത്തനം മതിയാക്കിയിരുന്നു. സർക്കാരിന്റെ നിസഹകരണമായിരുന്നു കാരണം. മനുഷ്യാവകാശ കമ്മീഷനാകട്ടെ ആറു മാസമായി അധ്യക്ഷനില്ല.

ജസ്റ്റിസ് പി.ഭവദാസനാണ് പ്രവാസി കമ്മീഷൻ അധ്യക്ഷൻ. കമ്മീഷന് പുതിയ സർക്കാർ സ്ഥലം പോലും അനുവദിച്ചിട്ടില്ല. കമ്മീഷൻ രൂപീകരിച്ച് എട്ടുമാസം കഴിഞ്ഞിട്ടും ഓഫീസ് പോലും അനുവദിക്കാത്തതിൽ കമ്മീഷൻ അതൃപ്തരാണ്. നോർക്ക വകുപ്പാണ് പ്രവാസി കമ്മീഷന്റെ അഡ്മിനിസ്ട്രേറ്റീവ് വകുപ്പ്. അവർ പോലും കമ്മീഷനുമായി സഹകരിക്കുന്നില്ലെന്ന് ജസ്റ്റിസ് ഭവദാസൻ സർക്കാരിനെ അറിയിച്ചു.

ഏപ്രിൽ 30നാണ് കമ്മീഷന്റെ ആദ്യ യോഗം നടന്നത്. നാലു പേരെ കഴിഞ്ഞ സർക്കാർ കമ്മീഷൻ അംഗങ്ങളായി നിയമിച്ചിരുന്നെങ്കിലും ഇതിൽ രണ്ടു പേർക്ക് അന്നു തന്നെ പ്രായപരിധി കഴിഞ്ഞതിനാൽ തുടരാൻ കഴിഞ്ഞില്ല.

ഓഫീസും മറ്റ് സൗകര്യങ്ങളും വേണമെന്ന് പലയാവർത്തി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ കേട്ടില്ലെന്നാണ് കമ്മീഷൻ പറയുന്നത് .അംഗത്വം ഒഴിഞ്ഞവർക്ക് പകരം അംഗങ്ങളെ നോർക്ക കണ്ടെത്തിയില്ല.

ജസ്റ്റിസ് പി. ഭവദാസന്‍ ശമ്പള കുടിശിക സർക്കാർ നൽകാനുണ്ടായിരുന്നു. അത് ഹൈക്കോടതി ഇടപെട്ടാണ് വാങ്ങി നൽകിയത്. പ്രവാസി ക്ഷേമത്തിന് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുക, നിക്ഷേപങ്ങൾ സംരക്ഷിക്കാൻ സഹായിക്കുക, പ്രവാസികളുടെ ജീവനും സ്വത്തിനും സoരക്ഷണം നൽകുക തുടങ്ങിയവയാണ് പ്രവാസി കമ്മീഷന്റെ രൂപീകരണ ലക്ഷ്യങ്ങൾ.

സംസ്ഥാന വരുമാനത്തിന്റെ നെടുംതൂണാണ് പ്രവാസികൾ.എന്നാൽ ഇവരുടെ തലയിൽ പൊങ്കാലയിടാനാണ് മാറി മാറി വരുന്ന സർക്കാരുകൾക്ക് താത്പര്യം.

വിരമിച്ച ഹൈക്കോടതി ജഡ്ജിമാരാണ് കമ്മീഷനുകളുടെ തലവൻമാരാകുന്നത്. ഇവർ കേരളത്തിലെ കമ്മീഷനുകളിലെത്തുന്നതോടെ ഹൈക്കോടതിയിൽ പുലിമുരുകൻമാരായിരുന്നവർ കമ്മീഷനിൽ എലി മുരുകൻമാരാകുന്നു. ഒരു സംഭവം ഉണ്ടാകുമ്പോൾ കമ്മീഷനെ നിയമിക്കുന്നത് സംസ്ഥാനത്ത് വഴിപാടാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളത്തിൽ ഓമ്പുഡ്സ്മാനുണ്ട്. അവർ പറഞ്ഞാൽ ഒരു പഞ്ചായത്ത് പോലും അനുസരിക്കാറില്ല

സർക്കാർ ഖജനാവിലെ കോടികൾ പാഴാക്കുന്ന ഈ അധര വ്യായാമം മാത്രമാകുന്നു സംസ്ഥാനത്ത് കമ്മീഷനുകൾ .

പിണറായി സർക്കാരിന് നരേന്ദ്ര മോദിയുടെ നയമാണുള്ളത്.കമ്മീഷനുകളൊന്നും വേണ്ടെന്നതാണ് ഇവരുടെ നയം. സംസ്ഥാനത്ത് നന്നായി പ്രവർത്തിക്കുന്ന മനുഷ്യാവകാശ കമ്മീഷനു പോലും മേധാവിയെ നിയമിക്കാത്തത് ഇതുകൊണ്ടാണ്.

ഇതിനിടയിലാണ് ഭരണപരിഷ്കാര കമ്മീഷന്‍ ഓഫീസില്‍ സൗകര്യങ്ങള്‍ പോരായെന്ന് സര്‍ക്കാരിനോട് ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. കമ്മീഷനുകളെ നിയോഗിക്കുക മാത്രം ചെയ്യുന്ന സര്‍ക്കാര്‍ കമ്മീഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നില്ലാ എന്നതാണ് വ്യാപകമായ ആരോപണം.

കമ്മീഷനുകൾക്ക് ശുപാർശ അധികാരമാണുള്ളത്. ശുപാർശ നടപ്പിലാക്കാനുള്ള അധികാരം സർക്കാരിനു മാത്രമാണ്. അപ്പോൾ സർക്കാരിനു അക്കാര്യം നടപ്പിലാക്കിയാൽ പോരേ? ഒരു കമ്മീഷനെ കൂടി നിയമിക്കുന്നതെന്തിന്?