ഓണപ്പെരുമ (കവിത-സബിത മമ്പാട്)

 

സൽഭരണത്തിലും സൽവൃത്തിയിലും
വിളങ്ങി നിന്നൊരു കാലം …

കാലമതൊക്കെ കഴിഞ്ഞെന്നാലും
ഇന്നീക്കാലമോരോർമ്മക്കാലം .. !

മാബലി മന്നനെ പാതാളത്തിൽ
ആഴ്ത്തിയ വാമന ചെയ്തികൾ ക്രൂരം …

ആണ്ടിലൊരിക്കൽ പ്രജയേക്കാണാൻ
മന്നൻ വരുന്നതുമെന്തൊരു പുണ്യം …

പൂക്കളിറുക്കലും പൂക്കളമിടുവതും
അത്തം നാളിൽത്തന്നെ തുടങ്ങും …

പൂക്കുട നിറയേ ചെത്തീം മുല്ലയും
മുറ്റത്തഴകായ് കളമിടുമ്പോൾ

ഊഞ്ഞാലാടിയുറക്കെപ്പാടി
തരുണികൾ സദ്യയൊരുക്കും കാലം …

സദ്യയൊരുക്കാം കെങ്കേമമായി
രുചിയുടെയോണം നാവിൽ വിടരും …

പാലടയോ പാൽപ്രഥമനോ മുൻപിൽ
രസനയ്ക്കേകാം പുളകിത നിമിഷം …

ഹൃത്തിൽ വിശുദ്ധിയുമായ് വന്നീടും
മാബലി മന്നനെയെതിരേറ്റീടാൻ

വിരിയെട്ടായിരമോണപ്പൂക്കൾ
പൊൻതിരുവോണാമതെത്തും നാളിൽ .