പൂവിളി പൂവിളി പൊന്നോണമായി (സജിത വിവേക്)

“മാളു…മാളു…മാളൂട്ടിയെ…ദൂരേയ്‌ക്കൊന്നും പൂ പറിക്കാൻ പോവരുതേ…പൊന്തയിൽ വല്ല ഇഴ ജന്തുക്കളും ഉണ്ടാവും..ട്ടോ സൂക്ഷിക്കണം”

അടുക്കള കോലായിൽ കായ വറുക്കാനുള്ള കായ മുറിച്ചു കൊണ്ടിരുന്ന അമ്മമ്മ മാളുവിനോടായി ഉറക്കെ വിളിച്ചു പറഞ്ഞു.

“കുട്ട്യോളെ പറഞ്ഞിട്ടും കാര്യമില്യാ…രണ്ടു വർഷമായില്ലേ വാലായ്മ കാരണം ആഘോഷങ്ങളൊന്നുമില്ലാതായിട്ട് വാഴക്കായ ഒന്നുകൂടി കഴുകി വെള്ളം വാർത്തെടുത്തു അമ്മൂമ്മ പറഞ്ഞു.

“നിറയെ കുട്ട്യോള്…ണ്ട് അമ്മൂമ്മേ.. ”

വേലിക്കൽ പടർന്നു കേറിയ കുമ്പളങ്ങയും മത്തങ്ങയും പറിച്ചു കൊണ്ട് നിന്ന മാളുവിന്റെ അമ്മ നന്ദിനി ഓ”കുളത്തിനടുത്തൊന്നും പോവരുത്… ട്ടോ മക്കളെ “എന്നൊരു താക്കീതും നൽകി.

കാത്തു നിന്ന എല്ലാവരും മാളു എത്തിയതും നടന്നു.

നിന്റെ പുത്തനുടുപ്പ് തുന്നി കിട്ടിയോ മാളു?
അലിയാണ് ചോദിച്ചത്.

മാളുവിന്റെ മുഖത്തു വലിയ തെളിച്ചമൊന്നും ഉണ്ടായില്ല. എന്നാലും പുറത്തു കാണിക്കാതെ മാളു പറഞ്ഞു “ഇന്ന് അച്ഛൻ വരുമ്പോൾ വാങ്ങി കൊണ്ടു വരും”

വേലിയിലും പാടത്തും പറമ്പിലുമൊക്കെ കൂട്ടുകാർക്കൊപ്പം നടന്നു ധാരാളം പൂക്കൾ ശേഖരിച്ചു. അലിയും ജോണിയും അവര് പറിച്ചെടുത്ത പൂക്കളെ എല്ലാവർക്കും തുല്യമായി വീതിച്ചു കൊടുത്തു.

സ്കൂളിൽ പഠിച്ച ഓണപ്പാട്ടുകൾ പാടി . ആമോദത്തോടെ ഓണത്തെ വരവേൽക്കാൻ മനസ്സു കൊണ്ട് തയ്യാറായി.

“വിളക്ക് വെയ്ക്കാറായിട്ടും കുട്ട്യോളെ കാണുന്നില്ലല്ലോ നന്ദിനിയേ” എന്ന് അമ്മമ്മ പറയുമ്പോൾ മാളു മുറ്റത്തെത്തി..

ആഹ്…മാളു.. എത്തീലോ..

“കയ്യും കാലും മുഖവും കഴുകി നാമം ചൊല്ലു കുട്ട്യേ…ന്നിട്ടാവാം ”

അടുക്കളയിൽ തകൃതിയായി പണികൾ തുടർന്നു കൊണ്ടിരുന്നു. പറമ്പിലെ ചേനയും കുമ്പളങ്ങയും മത്തനും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും പാടവരമ്പിലെ പച്ചപയറും പറിച്ചു കൊണ്ടു വന്നതിനെ അമ്മ കഴുകി മുറിച്ചു തുടങ്ങിയിരുന്നു.

അച്ഛൻ വരുമ്പോഴേയ്ക്കും എല്ലാം മുറിച്ചു വെച്ചാൽ വിശേഷം പറഞ്ഞു ഇത്തിരി നേരം ഇരിയ്ക്കാം…ലോ ..മാളുപോയി മുൻവശത്തിരുന്നോളു…

മാളു പൂക്കളെയൊക്കെ പൂമുഖത്തിരുന്നു വേർതിരിച്ചു വെച്ചു. കാക്കപ്പൂവും തുമ്പയും തെച്ചിയും മഞ്ഞരളിയും കൃഷ്ണകിരീടവും പേരറിയാത്ത വേലിപ്പൂക്കളും വലിയൊരു പൂക്കളം മനസ്സിലൊരുങ്ങി കഴിഞ്ഞു.

അപ്പോഴും ചിന്തയിൽ അച്ഛൻ പുത്തനുടുപ്പു കൊണ്ടുവരുമോ എന്ന ആശങ്ക ആയിരുന്നു.

അച്ഛന്റെ കഷ്ടപ്പാടുകൾ അമ്മയും അമ്മമ്മയും പറഞ്ഞറിയുമെങ്കിലും മാളുവിന്‌ പുത്തനുടുപ്പിനോട് ഒരു കൊതി തോന്നി തുടങ്ങിയിരുന്നു. വടക്കേലെ ഗംഗയും ശ്രീലക്ഷ്മിയും അവർക്കെടുത്ത പട്ടു പാവാടകൾ കാണിച്ചു കൊടുത്തപ്പോൾ മുതൽ മാളുവിനും അതു പോലൊന്നു അച്ഛനു മാളുവിനായി കൊണ്ടു വരാൻ തോന്നണേ എന്ന പ്രാർത്ഥന ആയിരുന്നു.

ഗംഗയുടെ പട്ടുപാവാടയിൽ മയിലിന്റെ ചിത്രങ്ങൾ ശ്രീലക്ഷ്മിയുടെ പട്ടുപാവാടയിൽ സാക്ഷാൽ ശ്രീകൃഷ്ണന്റെ രൂപവും..

“എന്ത് ഭംഗിയാ… അമ്മേ ശ്രീകുട്ടിയുടെയും ഗംഗയുടെയും പുത്തനുടുപ്പുകൾ”

“അച്ഛന് പൈസ കിട്ടിയാൽ മോൾക്കും വാങ്ങിക്കും..ട്ടോ ” അമ്മൂമ്മ സമാധാനിപ്പിക്കാൻ പറഞ്ഞു.

അച്ഛൻ 8:30 ന്റെ ലാസ്‌റ്റു ബസിൽ വന്നിറങ്ങുന്നത് നാട്ടുവഴിയിലേക്കു കണ്ണും നട്ട് മാളുവും അമ്മയും അമ്മൂമ്മയും പൂമുഖത്തെ തൂണും ചാരി ഇരുന്നു. വീട്ടിലെ പഴയ ക്ലോക്ക് നിന്നിട്ട് മാസങ്ങളായി. ബാറ്ററി വാങ്ങാൻ പറയണമെന്ന് അമ്മ പറഞ്ഞിരുന്നെങ്കിലും ഇതുവരെയും വാങ്ങിയില്ല.

ലാസ്റ്റ് ബസിന്റെ ഹോണടി കേട്ടപ്പോൾ വേലിപ്പടിക്കരികിൽ മൂന്നു പേരും അച്ഛനെയും കാത്തു നിന്നു. നാട്ടുവഴിയിൽ ഒരു തരിവെളിച്ചം പോലും കാണുന്നില്ല. അച്ഛന്റെ കൈയിലെ മൂന്നു ബാറ്ററി ടോർച്ചു വെളിച്ചം വീട് ലക്ഷ്യമാക്കി അച്ഛനൊപ്പം നടന്നു.
ഓണനിലാവ് ഉണ്ടാവുന്നതാണ് പതിവ് ഇന്ന് മഴക്കാർ ഒളിപ്പിച്ചതാവും.

വളരെ നേരത്തെ കാത്തു നിൽപ്പിനൊടുവിൽ അച്ഛൻ എത്തി. യാത്ര ചെയ്തു ക്ഷീണിച്ച മുഖം. നടന്നിട്ടു കിതപ്പും.

“മാളു…മോളെ.. അച്ഛനെ കാത്തിരുന്നു മടുത്തോ… ”

ഇല്ലച്ഛാ..

കറുത്ത ചെറിയ ബാഗിനെ കോലായിലേക്കു വെച്ച് അയാൾ കിണറ്റിനരുകിലേയ്ക്ക് കുളിയ്ക്കാനായി നടന്നു. അമ്മ കിണറിനരികിലെ മൺതൊട്ടിയിൽ വെള്ളം നിറച്ചു വെച്ചിട്ടുണ്ടാകും. കുളികഴിഞ്ഞാൽ പകുതി ക്ഷീണം മാറും.

കിണറ്റിന് കരയിലേയ്ക്കു അച്ഛൻ കുളിക്കാൻ നടന്നപ്പോൾ ബാഗിന് മുകളിലെ തുണിക്കട കവറിനുള്ളിലേയ്ക്ക് മെല്ലെ വിരൽ കടത്തി നോക്കി.

പുതിയ കുപ്പായമുണ്ടാവും കുട്ട്യേ… അവനിങ്ങു പോരട്ടെ..ധൃതി പിടിക്കേണ്ട. നിനക്കൊരു പുതിയ ഉടുപ്പില്ലാതെ എന്ത് ഓണമാണ് നമ്മൾക്ക്.. അമ്മുമ്മ മാളുവിന്റെ മുടിയിഴ തലോടി കോലായിൽ ഇരുന്നു.

അച്ഛനൊപ്പം എല്ലാവരും കഞ്ഞി കഴിച്ചു ..

ഭക്ഷണം കഴിഞ്ഞപ്പോൾ അച്ഛൻ കൊണ്ടു വന്ന പ്ലാസ്റ്റിക് കവറിൽ നിന്നും എല്ലാവർക്കുമുള്ള ഓണക്കോടി അച്ഛൻ തന്നെ എല്ലാവരുടെ കൈകളിലും വെച്ചു തന്നു.

മാളുവിന്റെ കണ്ണുകൾ മനോഹരമായ പച്ചയും മഞ്ഞയും നിറമുള്ള പട്ടു പാവാടയിൽ തങ്ങി നിന്നു. അമ്മയുടെ വാടാർമല്ലി നിറത്തിലുള്ള സാരിയും അമ്മുമ്മയുടെ കസവു മുണ്ടും വേഷ്ടിയും എല്ലാം ഓണത്തിന്റെ പുതുമണം പരത്തി.

നിനക്കൊരു മുണ്ടെങ്കിലും എടുക്കാമായിരുന്നു.അമ്മൂമ്മ പരിഭവിച്ചു.

“എനിക്കെന്തിനാമ്മേ… കുറെയുണ്ടല്ലോ അതൊക്കെ കീറട്ടെ”

തിരുവോണം രാവിലെ ചാണകം മെഴുകിയ തറയിൽ വലിയൊരു പൂക്കളം ഉണ്ടാക്കി. അമ്മയും അച്ഛനും അമ്മൂമ്മയും ഒരുമിച്ചു സദ്യ ഉണ്ടാക്കി . എല്ലാവരും
പുത്തനുടുപ്പൊക്കെയിട്ട് സദ്യ കഴിച്ചു. നേന്ത്രപ്പഴം ശർക്കര പാവിൽ പുഴുങ്ങിയതും നായർ വീട്ടുകാരുടെ പാടത്തു നിന്നും പറിച്ചെടുത്ത പുതിയ നെല്ലുകുത്തി എടുത്ത പുത്തരി ഉണ്ടാക്കിയതും കുറച്ചു കൂടി കഴിച്ചു. കൂട്ടുകാർക്കൊപ്പം പുതിയ പട്ടുപാവാടയുടുത്തു ഓണം കളികൾക്കായി പുറപ്പെട്ടു. അലിയും ജോണിയും പായസവും പഴവും പപ്പടവും കൂട്ടിക്കലർത്തി ഗംഗയുടെ വീട്ടിൽ കഴിക്കുകയായിരുന്നു.

തുമ്പിതുള്ളലും തിരുവാതിരക്കളിയും ആയി ഓണക്കളികൾ പലവിധം കളിച്ചു ഓണം തിമിർത്താടി.

**

മാളു അമ്മൂമ്മ എന്താ ഇങ്ങനെ ആലോചിക്കുന്നത് ഓണമല്ലേ കുളിക്കണ്ടേ?
പേരക്കുട്ടികൾ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ വാങ്ങിയ പൂക്കൾ കൊണ്ട് പണിക്കാരിയോട് പൂക്കളം ഉണ്ടാക്കിപ്പിക്കുന്നതിനിടയിൽ ഉറക്കെ
പറഞ്ഞു. മുറ്റത്തൊരു പാർസൽ വണ്ടിയിൽ
ഓണസദ്യ എത്തി. പ്ലാസ്റ്റിക് ഇലകൾ അതിനു മുകളിൽ മടങ്ങി കിടന്നു.

മാളു അമ്മൂമ്മ പൂവിളി പാട്ടുപാടി കുളിച്ചു. പൂവിളി പൂവിളി പൊന്നോണമായി…