കലാലയങ്ങള്‍ വീണ്ടും ഉണരുന്നു

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കലാലയങ്ങള്‍ വീണ്ടും ഉണരുന്നു. ഒന്നരവർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്തെ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. 18 മുതൽ കോളജുകളിൽ എല്ലാ ബാച്ചുകളും സാധാരണ ഗതിയില്‍ പുനരാരംഭിക്കും.

കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കുള്ള വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് നാളെ മുതല്‍ കോളജുകളിലെ ക്ലാസുകൾ തുടങ്ങുന്നത്. ബിരുദതലത്തിൽ അഞ്ചും ആറും സെമസ്റ്ററുകളും ബിരുദാനന്തര ബിരുദത്തിൽ മൂന്നും നാലും സെമസ്റ്ററുകളുമാണ് ഇന്ന് തുടങ്ങുക. ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥികളെയും വച്ച് നടത്തും. ബിരുദ ക്ലാസുകളിലെ 50 ശതമാനം വീതം കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലും ക്ലാസുകൾ നടക്കും. ക്ലാസുകൾക്ക് മൂന്നു സമയക്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. കോളജ് കൗൺസിലുകൾക്ക് സൗകര്യമനുസരിച്ച് സമയക്രമം തെരഞ്ഞെടുക്കാം.

എന്‍ജിനീയറിങ് കോളജുകളിൽ ആറ് മണിക്കൂർ ദിവസേന ക്ലാസ് നടത്തുന്ന സംവിധാനം തുടരും. ആഴ്ചയിൽ 25 മണിക്കൂർ ക്ലാസ് വരത്തക്കവിധം ഓൺലൈൻ ഓഫ്‌ലൈൻ ക്ലാസുകൾ സമ്മിശ്രരീതിയിലാക്കിയാണ് ടൈം ടേബിൾ. നിലവില്‍ മറ്റു സെമസ്റ്ററുകളുടെ ക്ലാസുകൾ ഓൺലൈനിൽ തന്നെ തുടരും.കോളജുകളിലെ അണുനശീകരണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഗാന്ധി ജയന്തി ദിനത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. രക്ഷിതാക്കളുടെയും വിവിധ സംഘടനാ പ്രവർത്തകരുടെയും നേതൃത്വത്തില്‍ കോളജ് കെട്ടിവും ക്ലാസ് മുറികളും വ്യത്തിയാക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങളൊരുക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറേ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞു വരുന്നെങ്കിലും ആരും പൂര്‍ണമായി കോവിഡില്‍ നിന്നും മുക്തരല്ല. വീണ്ടും കലാലയങ്ങളിലേക്കെത്തുമ്പോള്‍ കോവിഡ് പോരാട്ടത്തില്‍ പഠിച്ച പാഠങ്ങള്‍ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാര്‍ത്ഥികള്‍ ക്യാമ്പസുകളിലേക്ക് തിരിച്ചെത്തുമ്പോള്‍ അവര്‍ക്ക് തുല്യനീതിയുടെ അന്തരീക്ഷം ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. വീടുകൾക്കകത്ത് അടച്ചിട്ടിരുന്നതിന്റെ ട്രോമ തീരുമെന്നാഗ്രഹിച്ച് ക്യാമ്പസുകളിലെത്തുമ്പോൾ വേറെ ട്രോമകളുടെ അന്തരീക്ഷം അവിടെ അവരെ കാത്തിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
കലാലയങ്ങളിലെ ലിംഗനീതി ബോധന പ്രചാരണത്തിന്റെ ഭാഗമായി എല്ലാ കലാലയങ്ങളിലും കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ ഒരുക്കും. പരാതി പരിഹാര സമിതികളുടെയും ലിംഗ നീതി ഫോറങ്ങളുടെയും നേത‍ൃത്വത്തില്‍ ലിംഗനീതി അവബോധന ശില്പശാലകള്‍ സംഘടിപ്പിക്കും. സുതാര്യതയ്ക്കായി പരാതി പരിഹാര സമിതി വിവരങ്ങള്‍ അതതു സമയങ്ങളില്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം തന്നെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി വ്യക്തമാക്കി.