ആകെയുള്ളത് 176 രൂപ മാത്രം: ജീവനക്കാർക്ക് ശമ്പളമില്ല, മോന്‍സണ്‍ കിട്ടിയ പണമെല്ലാം ധൂര്‍ത്തടിച്ചു

ആളുകളെ പറ്റിച്ച്‌ കോടികള്‍ സമ്പാദിച്ച  മോന്‍സണ്‍ മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആകെയുള്ളത് 176 രൂപ മാത്രം. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. കിട്ടിയ  പണമെല്ലാം ധൂര്‍ത്തടിച്ചുവെന്നാണ് ഇയാള്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയിരിക്കുന്ന മൊഴി. പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് പാസ്‌പോര്‍ട്ട് പോലുമില്ലെന്നാണ് പൊലീസ് പറയുന്നത്. ഒപ്പം കൊണ്ടുനടക്കുന്ന ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസമായി ശമ്പളം നല്‍കിയിരുന്നില്ല. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. ഒരു ദിവസം 30,000 രൂപയാണ് വൈദ്യുതി ബില്‍. ഇതും അടച്ചിട്ടില്ല. കസ്റ്റംസും ക്രൈംബ്രാഞ്ചും മോട്ടോര്‍ വാഹന വകുപ്പും വനംവകുപ്പും സംയുക്തമായാണ് മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത്. മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അക്കൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജീവനക്കാരുടേയും അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നത്.