നമ്മുടെ കുട്ടികൾക്കൊന്നും മലയാള സമൂഹത്തോട് താല്പര്യമില്ല?

ന്യൂയോർക്ക്സിറ്റി ഭരണ-ഉദ്യോഗസ്ഥാധിപത്യത്തിന്റെ ഇരയായി മാറിയതാണ് തന്നെ ഈ തിരഞ്ഞെടുപ്പിൻറ്റെ തീച്ചൂളയിലേക്കു വഴിതിരിച്ചു വിട്ടതെന്ന് ഡോ. ദേവി നമ്പിയാപറമ്പിൽ. സ്വന്തമായ സ്ഥാപനനടത്തിപ്പും ഒരു ഡോക്ടർ എന്ന ജോലിയും  ചെറിയകുട്ടികൾ അടങ്ങുന്ന കുടുംബവും കോവിഡ് കാലത്തു വല്ലാതെ വേട്ടയാടി. സഹജീവികളോട് നിരന്തരം സഹാനുഭൂതിയോടെ ഇടപെടാൻ ശ്രമിക്കുമ്പോഴും നഗരത്തിന്റെ സംവിധാനങ്ങൾ ഒട്ടും മനുഷ്യത്തപരമല്ല എന്ന് തിരിച്ചറിഞ്ഞു. നൂറുകണക്കിന് വർഷങ്ങൾ പഴക്കമുള്ള സംവിധാനത്തോടു കലഹിക്കേണ്ടിവരുമ്പോൾ തനിയെ ഒന്നും ചെയ്യാനാവില്ല എന്ന് ബോധ്യപ്പെട്ടു. തന്നോടൊപ്പം ഒരു വലിയ കൂട്ടത്തെ ഒന്നിച്ചുനിറുത്തി മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുക എന്നതാണ് തന്റെ നിയോഗം എന്ന് തിരിച്ചറിഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ ജനിച്ചു വളന്നു ന്യൂയോർക്കിൻറെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്യുക ഒരു മലയാളിക്ക് അഭിമാന നിമിഷങ്ങളാണ്. വളരെ യാഥാസ്ഥികമായ ഫോക്സ് ന്യൂസ് തുടങ്ങി വിവിധ വാർത്താ ചാനലുകളിൽ ഇതിനകംതന്നെ നിറസാന്നിധ്യമായി. ന്യൂയോർക്കുകാർ തങ്ങളുടെ ആരോഗ്യഅഭിപ്രായങ്ങൾക്കായി നിരന്തരം കാതോർക്കുന്ന ഡോ.ദേവി നടനം, മാധ്യമപ്രവർത്തനം, സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങൾ തുടങ്ങി വിവിധ രംഗങ്ങളിൽ തന്റെ തനതായപാടവം തെളിയിച്ചു കഴിഞ്ഞു.
ലോകത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് സിറ്റിയുടെ പബ്ലിക്ക് അഡ്വക്കേറ്റ് ആയി മത്സരിക്കുമ്പോൾ നേരിടേണ്ട കടമ്പകളെക്കുറിച്ചു തികച്ചും ബോധ്യപ്പെട്ടിട്ടുണ്ട്. സിറ്റിയുടെ അധികാരം ഒരു പടിമാത്രം അപ്പുറത്താണെന്നും, വിവിധവർഗ്ഗത്തിലുള്ള 8 മില്യൺ  ന്യൂയോർക്ക് നിവാസികളുടെയും 100 ബില്യൺ ഡോളർ ബഡ്‌ജറ്റും ഉള്ള ഒരു സംവിധാനത്തിൻറെ മുൻനിരയിലേക്കു ചുവടെടുത്തു വെയ്ക്കുമ്പോൾ, അതിനു പകരം വെയ്ക്കാൻ മറ്റൊരു താരതമ്യവും മുന്നിലില്ല എന്നും അറിയാം, എന്ന് ന്യൂയോർക്ക് സിറ്റി പബ്ലിക് അഡ്വക്കറ്റ് ആയി മത്സരിക്കുന്ന മെഡിക്കൽ ഡോക്ടറും ന്യൂയോർക്ക് സിറ്റിയുടെ പ്രമുഖ മാധ്യമപ്രവർത്തകയുമായ ഡോ. ദേവി നമ്പിയാപ്പറമ്പിൽ പറഞ്ഞു.
അമേരിക്കൻ മണ്ണിലെ മലയാളികളുടെ തിളക്കമുള്ള പുതുതലമുറക്കാരി അമേരിക്കൻ സമൂഹത്തിൽ തങ്ങൾ അലിഞ്ഞു ഇല്ലാതാവുന്നില്ല എന്നു  തെളിയിച്ചുകൊണ്ടു ചെന്നെത്താവുന്ന മലയാളി കൂട്ടായ്മകളിൽ എല്ലാം കടന്നു ചെല്ലുന്നു, തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്നു, സഹായങ്ങൾ അഭ്യർത്ഥിക്കുന്നു. നമ്മുടെ കുട്ടികൾക്കൊന്നും  മലയാള സമൂഹത്തോട് താല്പര്യമില്ല ഇതുവരെയൊന്നും അവർ മലയാളസമൂഹത്തിൽ കടന്നുവരുന്നില്ല എന്നു പരാതിപ്പെട്ടവർ ഇപ്പോൾ ആകെ ഉത്സാഹത്തിലാണ്. അമേരിക്കൻ പൊതുസമൂഹത്തോടൊപ്പം മലയാളികളും തോളോടുതോൾ ചേർന്ന് ഡോ. ദേവിയുടെ വിജയത്തിനായി അരയുംതലയും മുറുക്കിഇറങ്ങി. ആദ്യമായാണ് ഒരു മലയാളി വിശാല ന്യൂയോർക്കിനെ പ്രതിനിധീകരിക്കാൻ ഇറങ്ങിയത്.
തന്റെ വീക്ഷണങ്ങളും കാഴ്ചപ്പാടുകളും നിയോഗവും മാധ്യമ പ്രവർത്തകനായ കോരസൺ  വർഗീസുമായി ‘വാൽകണ്ണാടിയിലൂടെ’ പങ്കുവെയ്ക്കുന്നു. രണ്ടുഭാഗങ്ങളായി വൽകണ്ണാടിയിൽ അഭിമുഖം കാണുക.
https://www.youtube.com/watch?v=R5YBpfl-ma4&t=703s
https://www.youtube.com/watch?v=DAh0On9OomU&t=15s