ഓണപ്പാട്ട് ( കവിത -ശ്രീനി നിലമ്പൂർ )

പൊൻചിങ്ങം പിറന്നൂ ഊഞ്ഞാൽപ്പാട്ടുകൾ പാടാം ,
പൊന്നോണ പൂപ്പൊലി പാടാം,പൂക്കണ്ണിപ്പെണ്ണേ!
പൂക്കൂടയെടുത്തോ പെണ്ണേ പൂക്കളം തീർക്കണ്ടേ?
പൂവട്ടിനിറയ്ക്കാൻ നാട്ടിൽ പൂക്കളുമില്ലല്ലോ!

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

കാലത്തു കണ്ടൊരു സ്വപ്പനംചൊല്ലട്ടേ പെണ്ണേ.
കുത്തുവിളക്കുതെളിച്ചപോൽ മുക്കൂറ്റി വന്നൂ!
കൊച്ചരിപ്പല്ലുകൾ കാട്ടി ചിരിക്കുന്നൂ തുമ്പ,
കൊച്ചിലേ കാഴ്ചകളെല്ലാം സ്വപ്നങ്ങളായി!

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

പച്ചപ്പട്ടാട ഞൊറിയും പാടങ്ങളില്ലാ
പാടങ്ങളാകെയും കോൺക്രീറ്റുകാടു വളർന്നല്ലോ?
തോടുമീയാറും പുഴകളുമാകെ വരണ്ടല്ലോ
താഴ്ന്നനിലങ്ങളിൽ കുന്നിനെ മാന്തിനിരത്തിയില്ലേ?

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

നാടിനെ മാസ്കിട്ടു മൂടിച്ച വ്യാധി പരന്നിട്ടും
നാട്ടിൽ പരസ്പരസ്നേഹത്തിനാധിയില്ലാ ആർക്കും.
അത്തംപത്തോണം നമുക്കും ഉള്ളേതല്ലേടീ?
അത്തൽ മറക്കാൻ കാണം വിൽക്കുവാനില്ലല്ലോ!

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

കാലമെത്ര നമ്മളിനിയും കാത്തിരിക്കേണം പെണ്ണേ,
കെട്ട കാലം കടന്നാ,നല്ല നാളെത്താൻ പൊന്നേ?
മാനുഷരെല്ലാരുമൊന്നായി വാണ മാവേലിനാട്,
മണ്ണിതിലെങ്ങാനുമെന്നേലും വന്നിടുകില്ലേ പെണ്ണേ ?

പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ

ശ്രീനി നിലമ്പൂർ