ഓണവും ഞാനും (കവിത- രമ പിഷാരടി)

ഓണമാണെന്ന്
നാട്ടുമാവിൻ മണം
ഓണമാണെന്ന്
കാട്ടുപൂഞ്ചോലകൾ

ഓണമാണെന്ന്
തിത്തിരിപ്പക്ഷികൾ
ഓണമാണെന്ന്
കൈതപ്പടർപ്പുകൾ

തെക്കിനിപ്പച്ച-
ചേനക്കുടകളിൽ,
കപ്പലോട്ടം മധുര-
നെല്ലിക്കയിൽ

കൂട്ടിനുണ്ടെന്ന്
തീവെയിൽപ്പൂവുകൾ
പാട്ടതുണ്ടെന്ന്
നീലക്കുയിലുകൾ

കുത്തി നിർത്തിയ
കുമ്പളച്ചോട്ടിലെ-
പച്ചമഞ്ഞൾ, ഇല-
ച്ചീര,. ഇഞ്ചിയും

കണ്ണുകാണാതെ-
യോടിപ്പുറപ്പെട്ട്
ഒന്ന് പെറ്റവൾ
മഞ്ഞമത്തങ്ങയായ്

അമ്മ കാണാതെ
കാട്ട് തേൻ തുള്ളികൾ
കൈയിലിറ്റിച്ച് പോയ
തേനീച്ചകൾ

പൂവിളിയ്ക്കെന്ന്
നക്ഷത്രവള്ളികൾ
പൂവ് വേണമോ?
ചെമ്പരത്തിപ്പൂക്കൾ

ചോന്ന മഞ്ചാടി,
കുന്നിക്കുരുക്കളിൽ
ഭൂമി തൊട്ട ചായ-
ത്തിൻ്റെ ചാരുത

ആമ്പൽ, നന്ത്യാറു-
വട്ടം കടുംഗന്ധ-
രാജ, പാരിജാത-
ത്തിൻ്റെ പൂമുഖം

പൂക്കളാൽ നിറഞ്ഞെ-
ങ്കിലും ഈർച്ചവാൾ
കോർത്ത് കീറിപ്പറിഞ്ഞ്
പോകുന്നുവോ

നോവ് കണ്ട് നടുക്കം
മുഖത്തേറ്റി
യാത്രയാവുന്നു
ഞാനുമീയോണവും

അഷ്ടമിക്കനൽ
തൊട്ട് നീറുമ്പോഴും
കഷ്ടകാലം കഴി-
ഞ്ഞെന്ന് പക്ഷിക:ൾ

ധ്യാനരൂപസമാധി-
യിൽ നിന്നോരു
പൂവണർന്നത്
ചിത്രശലഭമോ?

കണ്ട് നിൽക്കുന്നു-
ബാല്യം! ഒരു തുമ്പ-
കൈയിൽ മെല്ലെ-
തലോടുന്നു – സാന്ത്വനം!

രമ പിഷാരടി