പുതിയ പാഠo ( കഥ : ഉഷാ റോയ് )

തീരെ പ്രസരിപ്പില്ലാത്ത രണ്ടു കുഞ്ഞുങ്ങളുമായി അവൾ പള്ളിയിൽ വരുന്നത് ലീനാമ്മ കുറച്ചു കാലമായി ശ്രദ്ധിക്കാറുണ്ടായിരുന്നു. മൂത്ത പെൺകുട്ടിക്ക് മൂന്നു വയസ്സുണ്ടാകും. ഒന്നര വയസ്സു തോന്നിക്കുന്ന ഇളയ ആൺകുട്ടി അമ്മയുടെ കയ്യിൽ നിന്ന് ഇറങ്ങുകയേയില്ല. പള്ളിയിൽ വന്നാൽ രണ്ടുപേരെയും മടിയിൽ മാറിമാറി ഇരുത്തി അവൾ അധികസമയവും ഇരിപ്പാണ്. അവൾക്ക് ഒരു മ്ലാനഭാവമാണ് എപ്പോഴും. അലസമായ വസ്ത്രധാരണവും…
ചിലപ്പോൾ പള്ളിയിലേക്ക് കയറിപ്പോകുമ്പോൾ അല്ലെങ്കിൽ ഇറങ്ങിവരുമ്പോൾ ലീനാമ്മ ആ കുഞ്ഞുങ്ങളുമായി അടുപ്പം ഉണ്ടാക്കുവാൻ മനഃപ്പൂർവം ശ്രമിക്കാറുണ്ട്. മോൾ വളരെ ഗൗരവത്തിൽ അമ്മയുടെ പിന്നിലേക്ക് മാറും. പേര് പറയാൻ പോലും മടിയാണ്. മോൻ അമ്മയുടെ തോളിലേക്ക് ചാഞ്ഞുകിടന്ന് മുഖം ഒളിപ്പിക്കും. അവരുടെ പേരുകൾ ഒരിക്കൽ ലീനാമ്മ ചോദിച്ചു മനസ്സിലാക്കി. അമ്മയുടെ പേര് സെലി. മക്കൾ ചിന്നൂട്ടിയും മോനൂട്ടനും.
ഓമനപ്പേർ വിളിച്ച് കുഞ്ഞുങ്ങളെ ആകർഷിക്കാൻ ലീനാമ്മ ശ്രമിച്ചു… ‘ഇതുങ്ങള്
ഒരുമാതിരി മനുഷ്യരെ കാണാത്ത മട്ടാണല്ലോ …’ എന്ന് ലീനാമ്മ ചിന്തിച്ചു.
ലീനാമ്മ താമസിക്കുന്ന കോളനിയിൽ തന്നെ ഉള്ളിലേക്കുള്ള ഒരു വഴിയിലാണ് അവരുടെ വീട് എന്ന് അവർ മനസ്സിലാക്കി. വഴിയിൽ വച്ച് കാണുമ്പോഴും, പള്ളിയിൽ നിന്ന് വരുമ്പോഴും അവരെ തന്റെ കാറിൽ കയറ്റാൻ ലീനാമ്മ കിണഞ്ഞു പരിശ്രമിച്ചു… ഒരു രക്ഷയുമില്ല… അമ്മയും കുഞ്ഞുങ്ങളും, താനുമായി സൗഹൃദത്തിന് തയ്യാറല്ല… സെലി ഒന്നും വിട്ടുപറയുന്നുമില്ല… അതിവിദഗ്ദ്ധമായി ഒഴിഞ്ഞു മാറും.. ലീനാമ്മ തന്റെ നിരീക്ഷണം തുടർന്നുവന്നു.
പഴയ വസ്ത്രങ്ങളാണ് കുട്ടികൾ ധരിക്കുന്നത്… അവരുടെ അമ്മയും അങ്ങനെതന്നെ… കുട്ടികളുടെ അച്ഛൻ എവിടെയാണാവോ… ഇതുവരെ കണ്ടിട്ടില്ല… വീട്ടിലെ അവസ്ഥ മോശമാകാനാണ് സാധ്യത… എന്തെല്ലാമോ നിഗൂഢതകൾ ഉള്ളതുപോലെ…
ലീനാമ്മ ഇങ്ങനെയൊക്കെ അനുമാനിക്കാൻ കാരണമുണ്ട്. അവർ ആ ഇടവകയിൽ എല്ലാവർക്കും സുസ്സമ്മതയായ വനിതയാണ്.ലീനാമ്മയുടെ ഭർത്താവ് മിക്കവാറും ബിസിനസ് യാത്രകളിലാണ് . മുതിർന്ന മക്കൾ രണ്ടുപേരും വിദേശത്ത് ജോലി ചെയ്യുന്നു. തന്റെ വലിയ വീട്ടിൽ അവർ അധികവും തനിച്ചാണ്. എകാന്തതയെ അതിജീവിക്കാനായി ലീനാമ്മയും മറ്റ് രണ്ടുമൂന്ന്
വനിതകളുമായി ചേർന്ന് സാമൂഹികപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നു. സാമ്പത്തികശേഷി കുറഞ്ഞതും സഹായിക്കാൻ ആരുമില്ലാത്തതുമായ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും വേണ്ടി വസ്ത്രശേഖരണവും ധനസഹായവുമൊക്കെ ചെയ്യാറുണ്ട്. ക്രിസ്മസ് അടുത്തുവരുന്നു… അരിയും കേക്കും വിതരണം ചെയ്യാൻ പദ്ധതിയുണ്ട്. സെലിയുടെ ദരിദ്രമായ രീതികൾ
കണ്ട് ലീനാമ്മ പലവട്ടം സഹായം വാഗ്ദാനം ചെയ്യാൻ തുനിഞ്ഞു… പക്ഷേ സെലി നിന്നുകൊടുക്കാതെ വേഗത്തിൽ മാറിക്കളഞ്ഞു.
ഈ ക്രിസ്മസിന് പറ്റിയാൽ അവരെ കൂടി ഉൾപ്പെടുത്തി എല്ലാം നൽകണമെന്ന് ലീനാമ്മ മനസ്സിൽ ഉറപ്പിച്ചു.
ക്രിസ്മസ് വന്നെത്തി. രാവിലെക്കുർബാന കഴിഞ്ഞ് ലീനാമ്മ കാറിനടുത്തേക്ക് നടന്നു. ഭർത്താവ് പരിചയക്കാരോട് സംസാരിച്ച് നിൽക്കുകയാണ്. കാറിന് പിറകിലായി നിർത്തിയിട്ടിരിക്കുന്ന പഴയ ബൈക്കിൽ ഹെൽമെറ്റ്‌ വച്ച ഒരു യുവാവ്… അയാളുടെ മുന്നിലായി ചിന്നൂട്ടി ഇരിപ്പുണ്ട്. പിറകിൽ സെലിയും കുഞ്ഞുമോനും. അമ്മയുടെ മടിയിൽ എഴുന്നേറ്റ് നിന്ന് അവൻ അപ്പയുടെ തോളിൽ വട്ടം കെട്ടിപ്പിടിച്ചിരിക്കുന്നു. ലീനാമ്മയെ കണ്ട് സെലി മനോഹരമായി ചിരിച്ചു. വില കുറഞ്ഞതെങ്കിലും പുതിയ ചുരിദാർ ധരിച്ചിരിക്കുന്നു. മക്കൾക്കും പുതുവസ്ത്രങ്ങളാണ്.
” കുട്ടികളുടെ അപ്പയ്ക്ക് എവിടെയാണ് ജോലി…. ” ലീനാമ്മ സന്ദേഹത്തോടെ ലോഹ്യം
ചോദിച്ചു. ” ചെന്നൈയിൽ ഒരു കമ്പനിയിൽ ആണ്… ക്രിസ്മസിന് ഒരാഴ്ച്ച ലീവ് കിട്ടി… ” അയാൾ പുഞ്ചിരിയോടെ പറഞ്ഞു. “ചിന്നൂട്ടി പോവ്വാണോ…” മുന്നിലിരിക്കുന്ന മോളോട് മറുപടി പ്രതീക്ഷിക്കാതെ ലീനാമ്മ ഒന്നു ചോദിച്ചു. “ഞങ്ങൾ ടൗണിലേക്ക് പോവ്വാ…. പിന്നെയേ വീട്ടിലേക്ക് പോകൂ…” തല ഉയർത്തി, ചടുലതയോടെ പറഞ്ഞുകൊണ്ട് അവൾ ഹാൻഡിലിൽ അമർന്നിരിക്കുന്ന അയാളുടെ
കൈകളുടെ മേൽ തന്റെ കൈകൾ വച്ച് ഗമയിൽ ഇരുന്നു. “അപ്പാ… വണ്ടി പോട്ടെ… പോട്ടെ…” എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് മോനൂട്ടൻ ഉല്ലാസത്തിമർപ്പിൽ ചാടിക്കളിക്കുന്നു.
‘ ഇത് ആ കുഞ്ഞുങ്ങൾ തന്നെയാണോ…’ ലീനാമ്മ അതിശയിച്ചു.
വീടിന്റെ ഗൃഹനാഥൻ എത്തിയപ്പോൾ അവർക്കുണ്ടായ മാറ്റം, അവർ അനുഭവിക്കുന്ന ധൈര്യവും സുരക്ഷിതത്വവും ഒക്കെ പ്രകടമാകുന്ന പെരുമാറ്റം… ലീനാമ്മ കൗതുകത്തോടെ എല്ലാം നോക്കി നിന്നു.അവരെക്കുറിച്ച് അന്യഥാ ചിന്തിച്ചതിൽ
ലീനാമ്മയ്ക്ക് ലജ്ജ തോന്നി. സെലി ഇപ്പോൾ
ദരിദ്ര അല്ല… ധനിക ആണ്. അവൾ ഇല്ലാത്തവൾ അല്ല… നിറഞ്ഞവൾ ആണ്.
ദാരിദ്ര്യത്തേയും സമ്പന്നതയെയും കുറിച്ചുള്ള
തന്റെ കാഴ്ചപ്പാടുകൾ ശരിയായിരുന്നില്ല… തന്റെ
അളവുകോൽ തെറ്റായിരുന്നു. എത്ര തുക മുടക്കിയാലും നേടാനാകാത്തതും നൽകാനാകാത്തതുമായ ചിലതൊക്കെ ഉണ്ട് എന്ന ഒരു പുതിയ പാഠo ലീനാമ്മ മനസ്സിലാക്കിത്തുടങ്ങി.
“പോട്ടെ ആന്റി …” അഭിമാനത്തോടെ അയാളോട് ചേർന്നിരുന്ന്‌ സെലി യാത്ര പറഞ്ഞു. ലീനാമ്മ കൈവീശി അവർക്ക് നന്മകൾ നേർന്നു.
🔸