പ്രണയത്തെ കുറിച്ചെഴുതിയത് ( കവിത -ശിവാംഗി ഉണ്ണിത്താൻ )

ണക്ക് ബുക്കിൻ്റെ
നടുക്കെ താളുകീറിയായിരുന്നു
ഞാൻ പ്രണയത്തെ
കുറിച്ചെഴുതിയത്..
അക്കങ്ങൾ
അടയാളപ്പെടുത്തേണ്ടിടങ്ങളിൽ
അക്ഷരങ്ങൾ
പാതി ചത്തുനിന്നു..
നന്നായി കൂട്ടാനും
കുറയ്ക്കാനും
പിന്നെ വെട്ടി തിരുത്താനും
മായ്ക്കാനുമറിയുന്നവർക്ക്
മാത്രമുള്ളതാണ്
പ്രണയമെന്ന്
പണ്ട് നെഞ്ചിൽ തടഞ്ഞൊരു
തേങ്ങൽ പറഞ്ഞിരുന്നു..
മൂന്നും രണ്ടും അഞ്ചു മാത്രമെ
ആകാൻ പാടുള്ളുന്ന്
ശഠിയ്ക്കുന്ന
യാഥാർത്ഥ്യത്തിൻ്റെ
കണക്കു പുസ്തകത്തിൽ
നാലായാലും
മതിയെന്നു പറയുന്നവർ
തെറ്റിൻ്റെ സമവാക്യമാണ് പോലും..
എത്ര അളന്നു കുറിച്ചാലും
അകന്നു പോയി കൊണ്ടേയിരിക്കുന്നവരുടെ
മനസ്സിൻ്റെ അകലമളക്കാൻ
ഏത് സൂത്രവാക്യമാണ്
കരുതേണ്ടത്..