മയക്കുമരുന്ന് മലയാള സിനിമയിലും, സമയവും സ്ഥലവും കാണിക്കാം, പൊലീസിനെ വെല്ലുവിളിച്ച് അമല്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ആര്യന്‍ ഖാന്റെ അറസ്റ്റിനു പിന്നാലെ മയക്കുമരുന്ന് ഉപയോഗം ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമാ മേഖലയിലുമുണ്ടെന്ന് വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാജ് മോഹന്‍ ഉണ്ണിത്താന്റെ മകനും, അഭിനേതാവുമായ അമല്‍ ഉണ്ണിത്താന്‍.

താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സമയവും സ്ഥലവും കാണിച്ച് തരാമെന്നും, ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാനായി പൊലീസിനെ വെല്ലിവിളിക്കുന്നുവെന്നു അമല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്തുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും ആര്യന്‍ ഖാനെ പിന്തുടരുന്നത് എന്ന് ആശ്ചര്യപ്പെടുന്നു, ഈ മയക്കുമരുന്ന് ഉപയോഗം ബോളിവുഡ് ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, മലയാള സിനിമാ വ്യവസായത്തില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍, നിരവധി അഭിനേതാക്കള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍ പിന്നെ മറ്റു സിനിമ പ്രവര്‍ത്തകര്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പകല് പോലെ സത്യമാണ്.

പോലീസിന് ആവര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സ്ഥലവും സമയവും എനിക്ക് നല്‍കാന്‍ കഴിയും.
അത് അന്വേഷിക്കാന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.

സിനിമ മേഖലയില്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള നിരവധി ചെറുപ്പക്കാര്‍ മയക്കുമരുന്നിന് അടിമകളാണ്, അവര്‍ കൈയോടെ പിടിക്കപ്പെടുമ്പോള്‍ മാത്രമേ അത് ഒരു പ്രധാന വാര്‍ത്തയാകൂ, അല്ലാത്തപക്ഷം ഇത് തുടരും.
ഒന്നുകില്‍ മരക്കുമരുന്ന് ഉപയോഗം ഒരു നിയമപരമായ കാര്യമാക്കുക അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യുക.