ലഖിംപുര്‍ കൂട്ടക്കൊല; ആശിഷ് മിശ്ര അറസ്റ്റില്‍

ന്യൂഡല്‍ഹി: ലഖിംപുര്‍ കേസില്‍ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍. ലഖിംപുര്‍ ഖേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 12 മണിക്കൂറായി ആശിഷിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ന് രാവിലെ 10.30നാണ് ആശിഷിനെ ലഖിംപൂരിലെ െ്രെകംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. സംഘര്‍ഷസമയത്ത് താന്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്ന വാദമാണ് ആശിഷ് മിശ്ര ആവര്‍ത്തിച്ചത്. ചോദ്യം ചെയ്യലുമായി ആശിഷ് സഹകരിച്ചില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

രാവിലെ വളരെ നാടകീയമായാണ് ആശിഷ് മിശ്രയെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചത്. പൊലീസ് വലയത്തില്‍, പിന്നിലൂടെയുള്ള വാതിലിലൂടെയാണ് ആശിഷ് മിശ്രയെ ഓഫീസിനുള്ളിലെത്തിച്ചത്. കൊലപാതകം, കൊല്ലാനുറപ്പിച്ച് വാഹനം ഓടിക്കല്‍, ക്രിമിനല്‍ ഗൂഢാലോചനയടക്കം എട്ട് ഗുരുതര വകുപ്പുകളാണ് ആശിഷ് മിശ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം നടക്കുമ്പോള്‍ താന്‍ സ്ഥലത്തില്ലായിരുന്നെന്ന് തെളിയിക്കാനാകുമെന്നാണ് ആശിഷ് മിശ്ര അറിയിച്ചത്. ഒരു ഗുസ്തിമത്സരത്തിന് സംഘാടകനായി പോയിരിക്കുകയായിരുന്നു എന്നാണ് ആശിഷ് മിശ്ര പറയുന്നത്. താന്‍ ഗുസ്തിമത്സരം നടക്കുന്നിടത്താണെന്ന് തെളിയിക്കുന്ന വീഡിയോ ഉണ്ടെന്നും ആശിഷ് മിശ്ര പറയുന്നു.