പ്രധാന ‘വില്ലൻ’ കപ്പലിൽ തന്നെ . . .

മോന്‍സന്റെ തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആദ്യം അന്വേഷിക്കേണ്ടത് അറസ്റ്റ് വിവരം ചോര്‍ന്നിരുന്നോ എന്നതാണ്. തട്ടിയെടുത്ത പണം ഉള്‍പ്പെടെ തന്ത്രപരമായി മാറ്റാന്‍ മോന്‍സന് ഒത്താശ ചെയ്ത് കൊടുത്തവരും പിടിക്കപ്പെടേണ്ടതുണ്ട്. അറസ്റ്റിന് തൊട്ടു മുന്‍പാണ് മോന്‍സന്റെ വിലകൂടിയ ആഢംബര കാര്‍ മാറ്റിയിരിക്കുന്നത്. അറ്റകുറ്റപണിക്കെന്ന പേരില്‍ ഈ വാഹനങ്ങള്‍ വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റിയത് സംശയകരമാണ്. ഇതു മാത്രമല്ല മോന്‍സനെ മുന്‍ ഡി.ജി.പി ലോകനാഥ് ബഹ്‌റ ആര്‍ക്കൊക്കെ പരിചയപ്പെടുത്തി എന്നതും വ്യക്തമാകേണ്ടതുണ്ട്. കൊച്ചി ഹയാത്ത് ഹോട്ടലില്‍ നടന്ന സൈബര്‍ സമ്മേളനത്തില്‍ രണ്ട് ദിവസവും ഡി.ജി.പിയുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഇവിടെ എങ്ങനെ മോന്‍സനും അനിതയും എത്തി എന്നതും അന്വേഷിക്കേണ്ടതുണ്ട്. ഡി.ജി.പിയെ പരസ്യമായി കാണുക വഴി മറ്റ് ഉദ്യാഗസ്ഥരെ പരിചയപ്പെടാനുള്ള സാഹചര്യമാണ് ഇരുവരും സൃഷ്ടിച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ വീഴ്ച പറ്റിയിരിക്കുന്നത് അന്നത്തെ ഡി.ജി.പി ലോകനാഥ് ബഹ്‌റക്ക് തന്നെയാണ്. ഹയാത്ത് ഹോട്ടലില്‍ ആര്‍ക്കും വരാം. അത് ഒരു സ്വകാര്യ ഹോട്ടലാണ്. എന്നാല്‍ സൈബര്‍ സമ്മേളനം നടക്കുന്ന ദിവസം മോന്‍സനും അനിതയും എത്തിയത് ദുരൂഹമാണ്. അവര്‍ അവിടെ വച്ച് ഡി.ജി.പിയെ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് എന്തിനു വേണ്ടി ആയിരുന്നു എന്നതും ഈ നാടിന് അറിയേണ്ടതുണ്ട്.അതുപോലെ തന്നെ നടന്‍ മോഹന്‍ലാലിനെ ഇതേ ഹോട്ടലില്‍ വച്ച് മോന്‍സനും അനിതയും കണ്ടത് എന്തിനാണെന്നും വ്യക്തമാകേണ്ടതുണ്ട്. പുരാവസ്തു ശേഖരം കാണാന്‍ പോയ ലാലിനെ വെറുതെ വിട്ട മാധ്യമങ്ങള്‍ ഹയാത്തിലെ കൂടിക്കാഴ്ചയെ കുറിച്ച് അന്വേഷിക്കുന്നതും നല്ലതായിരിക്കും.

അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇതും ഗൗരവമുള്ള കാര്യം തന്നെയാണ്. തെറ്റിധരിപ്പിക്കപ്പെട്ടതിന്റെ ആനുകൂല്യം നടന്‍മാരായ മോഹന്‍ലാലിനും ശ്രീനിവാസനും നല്‍കിയാല്‍ മറ്റുള്ളവരും അതു തന്നെ ആവശ്യപ്പെടും. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള പരിശോധനയാണ് ആവശ്യം. അതുപോലെ തന്നെ പൊലീസ് ആസ്ഥാനത്ത് നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍ക്ക് അയച്ച കത്തിന് എന്തു സംഭവിച്ചു എന്നതും വ്യക്തമാകേണ്ടതുണ്ട്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കണം. മോന്‍സനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഡി.ജി.പി അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട് എങ്കില്‍ അതിനര്‍ത്ഥം വില്ലന്‍ കാക്കിക്കുള്ളില്‍ തന്നെയാണ് എന്നതു തന്നെയാണ്. ആരോപണ വിധേയരായ ഐ.ജി ലക്ഷ്മണ മുന്‍ ഡി.ഐ.ജി സുരേന്ദ്രന്‍ അദ്ദേഹത്തിന്റെ ഭാര്യ എന്നിവരെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം ചെയ്യുമെന്ന സൂചനയും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്.ഇതോടെ കേസ് പുതിയ വഴിതിരിവില്‍ എത്താനാണ് സാധ്യത.

സംസ്ഥാന പൊലീസിനെ ആകെ നാണം കെടുത്തിയ സംഭവത്തില്‍ പ്രധാന ഉത്തരവാദികള്‍ മൂന്നു ഉദ്യാഗസ്ഥരാണ്. അതില്‍ പ്രധാനി ഡി.ജി.പി ലോകനാഥ് ബഹ്‌റ തന്നെയാണ്. ഐ. ജി ലക്ഷ്മണയും മുന്‍ കമ്മീഷണര്‍ സുരേന്ദ്രനുമാണ് മറ്റു രണ്ട് പേര്‍. ഒരു പ്രവാസി വനിത സ്വാധീനിച്ചാല്‍ സ്വാധീനിക്കപ്പെട്ടു പോവുന്ന വ്യക്തിക്ക് ഡി.ജി.പി കസേരയില്‍ ഇരിക്കാന്‍ യാതൊരു അര്‍ഹതയുമില്ല. ഈ പ്രവാസി വനിതയും മോന്‍സനും തമ്മിലുള്ള അടുപ്പം തിരിച്ചറിയാനും ഡി.ജി.പിക്ക് കഴിഞ്ഞിട്ടില്ല. ബ്രിട്ടീഷുകാര്‍ തല്ലിപ്പൊളിച്ചു നുറുക്കി കളഞ്ഞ കസേരയില്‍ രാജാവായി ‘ഷോ’കളിച്ച ബഹ്‌റയില്‍ നിന്നും കൂടുതലായി വല്ലതും പ്രതീക്ഷിക്കുന്നത് തന്നെ ശുദ്ധ വിവരക്കേടാണ്.

ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് കീഴില്‍ അന്വേഷിക്കേണ്ട നിരവധി കേസുകളാണ് ബഹ്‌റ സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. ഇതിനു പിന്നിലെ താല്‍പ്പര്യവും അന്വേഷിക്കേണ്ടതുണ്ട്. ഈ കേസുകളുടെ അവസ്ഥയും പരിശോധിക്കപ്പെടണം. ഇക്കാര്യത്തില്‍ വിശദമായ ഇന്റലിജന്‍സ് പരിശോധനക്ക് തന്നെ സര്‍ക്കാര്‍ തയ്യാറാകണം. സംശയങ്ങള്‍ ദൂരീകരിക്കപ്പെടുവാന്‍ ഇത്തരമൊരു നടപടി അനിവാര്യം തന്നെയാണ്.