ആത്മസഞ്ചാരം ( കഥ -ഉഷാ റോയ് )

മുപ്പത്താം നമ്പർ മുറിയിലെ വിളറിയ നിറമുള്ള മച്ചിലേക്കു കണ്ണുകൾ തുറന്ന അവൾ നേർത്ത ശ്വാസഗതിയെ പൂർവാധികം ശക്തിയോടെ തിരികെ പിടിച്ചു. തന്റെ പ്രായം തന്നെയാണ് മുറിയുടെ നമ്പറും എന്ന് അന്ന് മനസ്സിൽ കുറിച്ചത് ഓർമയുണ്ട്.ദിവസങ്ങളാണോ മാസങ്ങളാണോ കടന്നുപോയത്.. അറിയില്ല. ദുർബലമായ ശരീരത്തിൽ നിന്ന് അതീവ ആവേശത്തോടെ അവൾ പുറത്തുവന്നു. നേർത്തു മെലിഞ്ഞ ശരീരത്തെ ചിരകാല സുഹൃത്തായ ആശുപത്രികിടക്കയിൽ ഉപേക്ഷിച്ച്, പ്രകൃതിയുടെ തണുപ്പിലൂടെ തന്റെ സഞ്ചാരം ആരംഭിച്ചു.
എങ്ങോട്ടാണ്…. അബോധമായ ദിനങ്ങളിൽ ഉപബോധ മനസ്സ് എങ്ങോട്ടാണ് പോകാൻ കൊതിച്ചത് അവിടേക്കു തന്നെയാണ് യാത്ര. പോയേതീരൂ.. അറിഞ്ഞേതീരൂ.. നീണ്ട ഇടനാഴികൾ പിന്നിട്ട്, അങ്ങോട്ട്‌ വീൽചെയറിൽ കയറിയ ചെരിവുകൾ ഓടിയിറങ്ങി,ഇന്റർലോക്ക് പതിച്ച വിശാലമായ മുറ്റവും നിരവധി വാഹനങ്ങൾ പാർക്ക്‌ ചെയ്ത പാർക്കിംഗ് ഏരിയയും കടന്ന് ഇരിമ്പുഗേറ്റിന്റെ വശത്തുള്ള ഗൂർഖാപ്പുരയുടെ സൈഡിൽ ചെറിയ വാതിലിലൂടെ അവൾ അതിവേഗം മുൻപോട്ടു കുതിച്ചു.കാറ്റത്തൊരു മേഘപാളി പോലെ തടസ്സങ്ങളില്ലാത്ത യാത്ര. വഴികൾ, പുഴകൾ എല്ലാം ക്ഷണത്തിൽ പിന്നിട്ടു. മനസ്സ് കൊതിച്ചിട്ടും ശരീരം തയ്യാറാകാതിരുന്ന കാലത്തുനിന്ന് സ്വാതന്ത്രയായി എന്നതിൽ അതിയായ ആഹ്ലാദമുണ്ട് എന്നിരിക്കിലും മുറ്റിയ ആകാംക്ഷ, ആഹ്ലാദത്തെ ഞെരുക്കിക്കളയുന്നു. ചിരപരിചിതമായ മേഖലകളിലേക്ക് സെക്കന്റുകൾ കൊണ്ട് എത്തിപ്പെട്ടതുപോലെ… ഇടവഴി കടന്ന് വളപ്പിലേക്ക് ഒരു കിതപ്പോടെ അവൾ പ്രവേശിച്ചു.
മതിലിന്മേൽ വള്ളികൾ പടർന്നു കയറിയിരിക്കുന്നു.. ഗേറ്റിനരികിലെ വയലറ്റ് കോളാമ്പി ചെടിയിൽ നിറയെ പൂക്കൾ.. ഗേറ്റിനും വീടിനും പെയിന്റ് മാറ്റിയടിച്ചുവോ.. ഈ പച്ച കലർന്ന മഞ്ഞ നിറം ആരുടെ സെലക്ഷൻ ആണ്… ഉദ്വേഗത്തോടെ അവൾ മുൻപോട്ടു നീങ്ങി. ഉത്കൺoയോടെ പടികൾ ഓടിക്കയറി.
അന്ന് ഇറങ്ങുമ്പോൾ ശരത് കൈ പിടിച്ചാണ് നടത്തിയത്.വേഗം വരാം എന്ന് പറഞ്ഞ്, അമ്മമ്മയുടെ ഇരുവശത്തുമായി നിൽക്കുന്ന മക്കളെ തലോടി, തിരിഞ്ഞു നോക്കാതെ.. കൈവീശാതെ… കണ്ണുനീരണിഞ്ഞ മുഖം ഒളിപ്പിച്ച് ശൂന്യമായ മനസ്സോടെ ആശുപത്രിയിലേക്ക്.
ദീർഘനാൾ വൈകിയപ്പോൾ മക്കളെ നോക്കാനായി ശരത് വീട്ടിലേക്ക്. തനിക്ക് കൂട്ടായി അമ്മയും ബന്ധുക്കളും മാറിമാറി വന്നു. ബോധം മറയുന്നതുവരെ ഇങ്ങനെയാണ്. പിന്നീട്… താനില്ലാതെ വീട് എങ്ങനെ മുൻപോട്ടു പോകുന്നു.. കുഞ്ഞുമക്കൾ സുരക്ഷിതരാണോ.. ശരത് ഒറ്റയ്ക്ക് എങ്ങനെ.. അറിയാനുള്ള ആകാംക്ഷ…
അവൾ ഫ്രന്റ് ഡോറിൽ കൈ വച്ചു. അത് ലോക്ക്ഡ് അല്ല. ‘എന്തൊരു ശ്രദ്ധക്കുറവാണ് ‘…നേരെ ഓടി മക്കളുടെ മുറിയുടെ വാതിൽ മെല്ലെ തള്ളിതുറന്നു.കുഞ്ഞുങ്ങൾ കിടക്കയിൽ സ്വസ്ഥരായി ഉറങ്ങുന്നു. നേർത്ത കമ്പിളി അവരെ പുതപ്പിച്ചിരിക്കുന്നു.’ശരത്.. കുഞ്ഞുങ്ങളെ ഒറ്റക്കാക്കി നിങ്ങൾ എവിടെപ്പോയിരിക്കുന്നു..അവർ വിളിച്ചാൽ ആരാണ് കേൾക്കാനുള്ളത് ‘.. അതീവ ആകുലതയോടെ തങ്ങളുടെ കിടപ്പുമുറിയിലേക്ക് അവൾ പാഞ്ഞു. വാതിൽ ഊക്കോടെ,വിഹ്വലതയോടെ അവൾ തള്ളിതുറന്നു. അവിടെ കിടക്കയിൽ ആരുമില്ല.. താൻ പോയപ്പോൾ ഉള്ളതുപോലെ എല്ലാം.. അരണ്ട വെളിച്ചത്തിൽ അവൾ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. മുറിയുടെ സൈഡിലെ ചെറിയ സോഫയിൽ ചുരുണ്ടു കിടന്നുറങ്ങുന്ന തന്റെ ശരത്. ഒരു സെക്കന്റ്‌ മാത്രം അത് നോക്കി നിന്ന അവൾ എന്തിനോ ആശ്വസിച്ചു. നല്ല തണുപ്പുണ്ട്. ഒരു ഷീറ്റ് എടുത്തു പുതപ്പിക്കണമെന്ന് ആഗ്രഹിച്ചു. എങ്കിലും അവൾ തേങ്ങലോടെ പിൻവാങ്ങി. വാതിൽ പഴയതുപോലെ അടച്ച് ഫ്രന്റ് ഡോർ അടച്ച് അവൾ പൂർവാധികം വേഗതയോടെ മടക്കമായി. സ്വസ്ഥമായ മടക്കയാത്ര….

ഉഷാ റോയ്