ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു; വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയി കൃഷ്ണദാസ് പക്ഷം

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ പുന:സംഘടനയെ ചൊല്ലിയുള്ള പ്രതിഷേധം പുകയുന്നു. ചാനല്‍ ചര്‍ച്ചക്കുള്ള പാര്‍ട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്നും മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയി. പികെ കൃഷ്ണദാസ്, എംടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പുറത്തുപോയത്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഡ്മിനായ ഗ്രൂപ്പാണിത്.

കൃഷ്ണദാസ് പക്ഷത്തെ പിആര്‍ ശിവശങ്കരനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. ഇതില്‍ അടക്കമുള്ള പ്രതിഷേധമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുടെ വിട്ടുപോകലിന് കാരണമായിരിക്കുന്നത്.

ഇതിനിടെ, വയനാട് ബിജെപിയില്‍ ആഭ്യന്തര കലഹം മുറുകുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. അഴിമതി ആരോപണം നേരിടുന്നയാളെ പ്രസിഡന്റാക്കിയതില്‍ അതൃപ്തി പരസ്യമാക്കിയാണ് നേതാക്കള്‍ രംഗത്തെത്തിയത്. കെ.പി മധുവിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ നിന്ന് ഒരു വിഭാഗം വിട്ടുനിന്നിരുന്നു.

പരസ്യപ്രതിഷേധത്തിനും കൂട്ടരാജിക്കും പിന്നാലെയാണ് വയനാട് ജില്ലാ ബിജെപിയിലെ ഭിന്നിപ്പ് കൂടുതല്‍ രൂക്ഷമാകുന്നത്. കെ.സുരേന്ദ്രന്‍ പക്ഷക്കാരനായ പുതിയ ജില്ലാ പ്രസിഡന്റ് കെ.പി. മധുവിനെ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ ഫണ്ട് തിരിമറിയില്‍ പാര്‍ട്ടിക്കുള്ളില്‍ ആരോപണ വിധേയനാണ് കെ.പി മധു. സ്ഥാനാരോഹണ ചടങ്ങില്‍ വിയോജിപ്പ് പരസ്യമാക്കി മുന്‍ അധ്യക്ഷന്‍ രംഗത്തെത്തി.

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചത് ദിവസങ്ങള്‍ക്കുമുന്‍പാണ്.

പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തന്നെ ഒതുക്കുകയായിരുന്നെന്നും നസീര്‍ പറഞ്ഞു.