കണ്ണനെ ഓർക്കുമ്പോൾ (കവിത-ഡോ.അജയ് നാരായണൻ )

മൂടൽമഞ്ഞിന്നിടയിലൂടെ
കനിവാർന്നൊഴുകും
പ്രകാശമേ
നീയെന്റെ ജീവന്റെയൂർജമല്ലേ
ആത്മാവിലേകാന്ത രാഗമല്ലേ…
മൂടൽമഞ്ഞിലൂടൂർന്നു നീയെന്നെ
മുകരുക
മഞ്ഞൾക്കുറിയായി നെറ്റിയിലമരുക
ചുംബനച്ചൂടായലിയുക
മാധവമാസത്തിലാദ്യം കിനിയും
മധുവായെന്നധരത്തിൽ തൂവുക.
നീലനഭസ്സിൽ നിന്നൂർന്നൊഴുകും മുഗ്ധസൗന്ദര്യധാമമേ
പ്രേമാർദ്രമാമൊരു ഗീതമായെന്നിൽ നിറയുക
വാർമഴവില്ലിന്റെ വർണ്ണം ചൊരിയുക
നീഹാരമുത്തിന്റെ വെണ്മയായ്
നെഞ്ചിൽ പടരുക
മാനസത്തിൽ
ചെറുകുളിരായ് പുതയുക
എന്റെ സ്യമന്തകമായി നീ മാറുക…