ബിജെപിയില്‍നിന്ന് മുതിര്‍ന്ന നേതാക്കള്‍ പുറത്തേക്ക്

കെ സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകളിൽ പ്രതിഷേധിച്ച് വൻ തോതിൽ പ്രവർത്തകർ ഓരോ ദിവസവും പാർട്ടി വിടുന്നതിന് പിന്നാലെ പ്രമുഖ നേതാക്കളും ബിജെപി വിടാനൊരുങ്ങുന്നു. പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയിൽ പിഴവുകളുണ്ടെന്നും അത് പരിഹരിച്ച് പോകണമെന്നുമുള്ള നേതാക്കളുടെ അഭിപ്രായങ്ങൾ അവഗണിച്ചാണ് വി മുരളീധരൻ- കെ സുരേന്ദ്രൻ വിഭാഗം മുന്നോട്ടുപോകുന്നത്. നിരന്തരം അവഗണനയുണ്ടാവുന്ന സാഹചര്യത്തിലാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പാർട്ടി വിട്ടേക്കാമെന്ന പ്രചരണം ശക്തമായത്. മുൻ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറെ നിരാശരാണെന്നും അദ്ദേഹമുൾപ്പെടെ പാർട്ടി വിട്ടാൽ അദ്ഭുതപ്പെടാനില്ലെന്നും ബിജെപി നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നു.

പ്രായാധിക്യമെന്ന പേരിൽ പൂർണമായും തഴയപ്പെട്ട മുതിർന്ന നേതാവ് ഒ രാജഗോപാൽ ആവട്ടെ തന്റെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലാണ്. പാർട്ടിയിൽ പൂർണമായും അവഗണിക്കപ്പെടുന്ന ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരും നിലവിലെ സ്ഥിതിയിൽ പൂർണ അതൃപ്തരാണ്. മറ്റെവിടേക്ക് ചേക്കേറിയിട്ടും കാര്യമില്ലെന്ന് അറിയാവുന്ന ശോഭ പതിവ് പരാതികളുമായി പാർട്ടിക്കുള്ളിൽ ഒതുങ്ങുമെന്ന് കെ സുരേന്ദ്രൻ വിഭാഗം വ്യക്തമാക്കുന്നു. എന്നാൽ സി കെ പത്മനാഭന്റെ കാര്യത്തിൽ ഇവർക്ക് ആശയക്കുഴപ്പമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് മുന്നേറ്റമുണ്ടാക്കാനായില്ലെന്നു മാത്രമല്ല തിരിച്ചടിയുമുണ്ടായി എന്ന് പത്മനാഭൻ നേരത്തെ പ്രതികരിച്ചിരുന്നു. പരാജയത്തെക്കുറിച്ച് നേതൃത്വം ഗൗരവമായ ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരമൊരു നീക്കവും പാർട്ടിയിൽ ഉണ്ടായില്ല. തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് പഠിച്ച ബിജെപി സമിതി റിപ്പോർട്ടിൽ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനമുണ്ടായിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പോലും പരിഗണിക്കാതെയാണ് സുരേന്ദ്രന് സ്ഥാനത്ത് തുടരാൻ അവസരം നൽകിയത്.

കേരള ജനത വിശ്വാസം മാത്രമല്ല കണക്കാക്കുന്നതെന്നും അതുകൊണ്ടാണ് ശബരിമല വിഷയം വേണ്ടത്ര പച്ചപിടിക്കാതെ പോയതെന്നും സി കെ പത്മനാഭൻ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ പരാജയത്തിന് ശേഷവും നർക്കോട്ടിക് ജിഹാദ് ഉൾപ്പെടെ വർഗ്ഗീയ വിഷയങ്ങളുമായാണ് പാർട്ടി മുന്നോട്ട് പോകുന്നത്. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് കടുത്ത അതൃപ്തിയുണ്ട്.

നേതൃത്വ പുനസംഘടനയിൽ അവഗണിക്കപ്പെടുകയും ദേശീയ നിർവ്വാഹക സമിതിയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തതിന് പിന്നാലെ ശോഭാ സുരേന്ദ്രൻ കടുത്ത വിമർശനമാണ് കെ സുരേന്ദ്രനെതിരെ നടത്തിയത്. ഹിരണ്യകശ്യപുവിന്റെ ഒരു ഭീഷണിയും പ്രഹ്ലാദന്റെയടുത്ത് വിലപ്പോയില്ലെന്ന എഫ്ബി പോസ്റ്റ് സുരേന്ദ്രനെ ലക്ഷ്യമാക്കിയായിരുന്നു. എന്നാൽ പാർട്ടി നൽകുന്ന തണലിൽ നിന്ന് ശോഭയ്ക്ക് പോകാൻ കഴിയില്ലെന്നാണ് ഇവരുടെ ശക്തികുറഞ്ഞ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ വിഭാഗം പറയുന്നു.

നേരത്തെ ശോഭയ്ക്കൊപ്പം പാലക്കാട് രഹസ്യ യോഗം ചേർന്ന നേതാക്കളിൽ ഒരാളായ മധ്യമേഖലാ പ്രസിഡന്റ് എ കെ നസീറിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ നടന്ന ആദ്യ ചർച്ചയ്ക്ക് ശേഷം പാലക്കാട് ചേർന്ന രണ്ടാമത്തെ യോഗത്തിൽ പാർട്ടി വിടണമെന്ന അഭിപ്രായം ഉയർത്തിയ നേതാവായിരുന്നു നസീർ. പി എം വേലായുധൻ, കെ പി ശ്രീശൻ, ജെ ആർ പത്മകുമാർ എന്നിവരെല്ലാം രഹസ്യ യോഗത്തിൽ സംബന്ധിച്ചിരുന്നു.