ഭീഷണിപ്പെടുത്തി അധ്യാപികയില്‍ നിന്ന് പണംതട്ടിയ മുസ്ലിം ലീഗ് വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍

മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി അദ്ധ്യാപികയില്‍ നിന്നും പണം തട്ടി. മുസ്ലീം ലീഗ് വനിതാ മുനിസിപ്പല്‍ കൗണ്‍സിലര്‍ അറസ്റ്റില്‍.

സുഹൃത്തായ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന വനിതാ മുനിസിപ്പല്‍ കൗണ്‍സിലറെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടൂര്‍ മരക്കലക്കുന്ന് കറളിക്കാട്ടില്‍ തണ്ടുപാറക്കല്‍ ഷഹന (38)യാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇന്നലെ മഞ്ചേരി പൊലീസില്‍ കീഴടങ്ങിയത്. ഇവരെ എസ് ഐ എസ് ബി കൈലാസ്നാഥ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. മണ്ണാര്‍ക്കാട് മുനിസിപ്പാലി 27ാം വാര്‍ഡ് ഒന്നാം മെയിലില്‍ നിന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹന കേസിലെ രണ്ടാം പ്രതിയാണ്.മഞ്ചേരി സ്വദേശിനിയും അദ്ധ്യാപികയുമായ വായ്പ്പാറപ്പടി വെള്ളാരങ്ങല്‍ റസീനയാണ് ഷഹനക്കെതിരെ മലപ്പുറം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്.

റസീനയുടെ ബാംഗ്ലൂരില്‍ പഠിക്കുന്ന മകനെ അപായപ്പെടുത്തുമെന്ന് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയിലുണ്ട്. നിരവധി സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച ചെമ്മാട് കൊടിഞ്ഞി സ്വദേശി ജുനൈസ് ബാബു എന്ന അണ്ണാച്ചി ബാബു(29)വാണ് ഒന്നാം പ്രതി. ഷഹനയും പരാതിക്കാരിയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. റസീനയെ മഞ്ചേരിയിലേക്കും ഷഹനയെ മണ്ണാര്‍ക്കാട്ടേക്കും വിവാഹം ചെയ്തയച്ചതോടെ വേര്‍പിരിഞ്ഞ ഇവര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുകയായിരുന്നു. വിവരങ്ങള്‍ മനസ്സിലാക്കിയ ഷഹന ഒന്നാം പ്രതിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പൊലീസ് നിഗമനം.

സൈബര്‍സെല്ലിലെ ഉദ്യോഗസ്ഥനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. പിന്നീട് ലാലു പ്രസാദ് യാദവിന്റെ ഗണ്‍മാനാണെന്നും ഷൂട്ടറാണെന്നും പറഞ്ഞായിരുന്നു ഭീഷണി. പണം നല്‍കിയ ശേഷവും ഭീഷണി തുടര്‍ന്നതോടെയാണ് അദ്ധ്യാപിക പരാതി നല്‍കിയത്. പണം കൈപ്പറ്റിയതായി ഒന്നാം പ്രതി പൊലീസില്‍ സമ്മതിച്ചിരുന്നു.

ജാര്‍ഖണ്ഡ് റാഞ്ചിയിലെ മരുന്നു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഒന്നാം പ്രതിയെ സൈബര്‍സെല്ലിന്റെ സഹായത്തോടെ മഞ്ചേരി പൊലീസ് 2014 ജൂണ്‍ അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു.അതേസമയം 2015 നവംബറില്‍ മണ്ണാര്‍ക്കാട് നഗരസഭയിലേക്ക് ഷഹന മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സത്യവാങ്മൂലത്തില്‍ താന്‍ ഒരു കേസിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് ബോധിപ്പിച്ചിട്ടുണ്ട്.