അരങ്ങൊഴിഞ്ഞത് അഭിനയത്തിന്റെ അതുല്യ പ്രതിഭ (ആർ. ഗോപാലകൃഷ്ണൻ)

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്‌ നടൻ നെടുമുടി വേണു ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഞായർ (ഇന്നലെ) രാവിലെയാണ്‌; തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണെന്ന വാർത്തകൾ ഇന്നലെ രാത്രി മുതൽ വന്നിരുന്നു.
നേരത്തേ കോവിഡ്‌ ബാധിച്ചിരുന്നു…. അത് മാറിയെങ്കിലും അതിനെ തുടർന്നാണ് മറ്റു രോഗങ്ങൾ മൂർച്ഛിച്ച് ഇപ്പോൾ അദ്ദേഹത്തെ മരണം കീഴടക്കിയത്.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളാളായിരുന്നു നെടുമുടി വേണു (ഈ പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ.) നെടുമുടി വേണുവിനു കഴിഞ്ഞ മേയ് 22-ന് 73 വയസായിരുന്നു…
ഏത് വേഷവും ‘നെടുമുടി വേണു’ എന്ന നടന് വഴങ്ങും; ആ നടനിൽ ഭദ്രമായി നില്‍ക്കുമെന്നതിലും സംശയമില്ല. നായകനായും വില്ലനായും സഹനടനായും നാല്‍പ്പത് വർ‍ഷത്തിലേറെക്കാലമായി നെടുമുടി വേണു മലയാളസിനിമയിൽ‍ തിളങ്ങിനില്‍ക്കുന്നു.
അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. കൂടാതെ ‘പൂരം’ എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും ഇളയ മകനായി 1948 മെയ് 22-ന് ജനിച്ചു.
വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി. കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ‘കലാകൗമുദി’യിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു.
കാവാലം നാരായണപ്പണിക്കരുടെ ശിഷ്യനായി കുട്ടനാട്ടിൽ ഇന്ന് ഉദയംചെയ്ത അഭിനയപ്രതിഭയാണ് വേണു. കാവാലത്തിന്റെ നാടകങ്ങളിലെ ഒരു പ്രധാന നടനായി അദ്ദേഹം ധാരാളം വേദികളിൽ തന്റെ അഭിനയമികവ് കാഴ്ചവെച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് സിനിമയിലേയ്ക്കുള്ള വഴിത്തിരിവായി.
നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. 1978-ൽ അരവിന്ദൻ സംവിധാനം ചെയ്ത ‘തമ്പ്’ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. 1980-ൽ പുറത്തുവന്ന ഭരതൻ- പത്മരാജൻ കൂട്ട്കെട്ടിലെ ‘തകര’യിലെ ചെല്ലപ്പനാശാരി, ‘ചാമര’ത്തിലെ വിദ്യാർത്ഥിയായ ക്രൈസ്തവ വൈദികൻ എന്നീ കഥാപത്രങ്ങൾ അതിവേഗം ‘പോപ്പുലർ’ ആയി.
ഭരതന്റെ ‘ആരവം’ എന്ന ചിത്രത്തിലെ വേഷം (മറട്?) ഇതിലെ “മുക്കുറ്റീ തിരുതാളീ…” എന്ന പാട്ടുപാടിക്കൊണ്ടാണ് ശ്രദ്ധേയമായി. 1981-ലെ പത്മരാജന്റെ ‘ഒരിടത്തൊരു ഫയൽവാൻ’ലെ മേസ്ത്‌രി, ആ വർഷം തന്നെവന്ന മോഹൻ്റെ ‘വിട പറയും മുൻപെ’-ലെ അനാഥനായ ‘സേവിയർ’ തുടങ്ങി അഭിനയ തികവിൻ്റെ നിരവധ വേഷങ്ങൾ.
ഏതാനും വർഷങ്ങൾക്കുള്ളിൽ ഏതാനും വർഷങ്ങൾക്കുള്ളിൽ നിരവധി കാരണങ്ങളാൽ നെടുമുടി വേണു നായക വേഷങ്ങളിൽ നിന്ന് അകന്നു… ഏതുവേഷവും നന്നായി ചെയ്യും എന്നതുകൊണ്ട് സഹനടനായി തിളങ്ങി- പലപ്പോഴും നായകനെക്കൾ! ‘കാരണവർ’ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു ഇതു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ‘കള്ളൻപവിത്രൻ’, ‘അപ്പുണ്ണി’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’, ‘ആരണ്യകം’, ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘ഭരതം’, ‘മാർഗം’.. എന്നിങ്ങനെ ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു.

‘കാറ്റത്തെ കിളിക്കൂട്’, ‘ഒരു കഥ ഒരു നുണക്കഥ’, ‘സവിധം’, ‘തുടങ്ങി’ എട്ടു ചിത്രങ്ങൾക്ക് കഥയെഴുതി; കൂടാതെ ‘പൂരം’ എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കമലഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’; വിക്രം നായകനായി അഭിനയിച്ച ‘അന്ന്യൻ’ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുമുണ്ട്…
1990-ൽമികച്ച സഹനടനുള്ള ദേശീയ അവാർ‍ഡ് (ഹിസ് ഹൈനസ് അബ്‌ദുള്ള)), 2003-ൽ‍ ദേശീയ അവാർഡിൽ‍ പ്രത്യേക പരാമർശം (മാർഗ്ഗം), 1981-ലും 1987-ലും 2003-ലും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ( വിട പറയും മുമ്പേ – 1981; ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം-1987; മാർഗം- 2003) തുടങ്ങിയ ഒട്ടനവധി പുരസ്‌കാരങ്ങ‍ നെടുമുടി വേണുവിനെ തേടിയെത്തിയിട്ടുണ്ട്.

ആർ. ഗോപാലകൃഷ്ണൻ