പരാതിയില്‍ ഉറച്ച് ഹരിത മുന്‍ ഭാരവാഹികള്‍; വനിതാ കമ്മിഷന് മൊഴി നല്‍കി

കോഴിക്കോട്: എംഎസ്എഫ് നേതാക്കള്‍ക്കെതിരായ ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ ഭാരവാഹികള്‍ വനിതാ കമ്മിഷന് മൊഴി നല്‍കി. ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് മുഫീദ തസ്‌നി, മുന്‍ ജനറല്‍ സെക്കട്ടറി നജ്മ തബ്ഷീറ എന്നിവരാണ് വനിതാ കമ്മിഷന്റെ കോഴിക്കോട്ടെ അദാലത്തിലെത്തി മൊഴി നല്‍കിയത്. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്.

പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വിവരങ്ങള്‍ കമ്മിഷന് നല്‍കിയതായി നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടികള്‍ക്ക് വേഗം പോരെന്ന പരാതിയും വനിതാ കമ്മിഷനെ ധരിപ്പിച്ചു. പൊലീസ് അന്വേഷണം വൈകാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞു.

ഇതാദ്യമായാണ് ഹരിത നേതാക്കള്‍ വനിതാ കമ്മിഷന് മൊഴി നല്‍കുന്നത്. ആരോപണ വിധേയരായ എംഎസ്എഫ് നേതാക്കള്‍ക്ക് നോട്ടിസ് നല്‍കിയെങ്കിലും ഹാജരായില്ല. വനിതാ കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും വനിതാ നേതാക്കള്‍ തയ്യാറായിട്ടില്ല.