ദുരിതപ്പെയ്ത്തില്‍ മരണം നാലായി; 13 ജില്ലകളിലും ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളില്‍ മരണം നാലായി. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെളളത്തിനടിയിലായി. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും കേന്ദ്രകാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പടിഞ്ഞാറന്‍ കാറ്റിന്റെ പ്രഭാവത്തിലാണ് സംസ്ഥാനമൊട്ടുക്ക് തോരാമഴയും ദുരിതവും.

കൊല്ലം തെന്മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് നാഗമല എസ്റ്റേറ്റിലെ തൊഴിലാളി ഗോവിന്ദരാജ് മരിച്ചു. ചെങ്കോട്ട റെയില്‍വേ പാതയില്‍ ഇടമണ്‍ ഐഷാപാലത്തിന് സമീപം മണ്ണിടിഞ്ഞു. ആര്യങ്കാവ് സ്വര്‍ണഗിരിയില്‍ ഉരുള്‍പൊട്ടി. ചേനഗിരി പാലത്തിന്റെ ഒരു വശം തകര്‍ന്നു. തെന്മല, പുനലൂര്‍ മേഖലകളിലായി പത്ത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പത്തനാപുരം വിളക്കുടി പഞ്ചായത്തുകളിലായി പതിനഞ്ച് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

പത്തനംതിട്ടയില്‍ അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. വലഞ്ചുഴി ക്ഷേത്രവും ഒറ്റപ്പെട്ടു. എറണാകുളത്ത് പെരിയാര്‍ കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ തീര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം ഇറങ്ങി തുടങ്ങി. ഇടമലയാര്‍ വൈശാലി ഗുഹയ്ക്ക് സമീപം മണ്ണിടിഞ്ഞു. ആദിവാസി ഊരുകളിലേക്കുള്ള യാത്ര തടസ്സപ്പെട്ടു. ഇന്നലെ വരെ തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് കാരണമായ കാററിന്റെ ഗതി വടക്കന്‍ ജില്ലകളിലേയ്ക്കും ശക്തിപ്രാപിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിശക്തമഴ മുന്നറിയിപ്പുണ്ട്. മഴ ശക്തിപ്പെടാന്‍ കാരണമായ അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനില്ക്കാന്‍ സാധ്യതയുണ്ട്. മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും. 16 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.