കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട; 150 കിലോയുമായി ദമ്പതികളടക്കം 3പേര്‍ പിടിയില്‍

കോഴിക്കോട് : കാറില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവുമായി ദമ്പതികള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍. നല്ലളം സ്വദേശികളായ അരീക്കാട് ഹസന്‍ഭായ് വില്ലയില്‍ പിഎം ഷംജാദ് (25), ഭാര്യ അനീഷ (23), പുല്ലാനിപ്പറമ്പ് ബൈത്തുല്‍ ഹലയില്‍ ബിഎം അഹമ്മദ് നിഹാല്‍ (26) എന്നിവരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മൂവരും അറസ്റ്റിലാകുന്നത്. പൊലീസ് പിന്തുടരുന്നതിനിടെ മെഡിക്കല്‍ കോളജ് പരിസരത്തുവച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.

കെ.എല്‍.08 എ.ടി 1234 നമ്പര്‍ കാറിലാണ് സംഘം കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും കഞ്ചാവ് ലഭിച്ചത് എവിടെ നിന്നാണെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉടനെ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.