മകൾ ( ഷീജ രാജേഷ് )

മുപ്പത്തിയഞ്ചാം വയസ്സിൽ മരണത്തിലേക്ക് നടന്നു പോകാൻ എഴുത്തുകാരിക്ക് കാരണമായതെന്താണെന്ന് അറിയാതെ വായിച്ചവരും സാഹിത്യലോകവും ഒക്കെ വേദനയിലാണ്ടു കാണണം. പറഞ്ഞു വരുന്നത് രാജലക്ഷ്മി ടീച്ചറിനെ കുറിച്ചാണ്. നന്ദിതയെ പോലെ കുരുക്കഴിയാത്ത ഒരു സമസ്യ. വായിച്ച കാലം മുതൽ ആലോചിച്ചാൽ ഒരു ശ്വാസംമുട്ടലാണ് ടീച്ചർനെ കുറിച്ച്. സ്വന്തം ജീവിതം തന്നെ എഴുതിയപ്പോൾ ഒറ്റപ്പെട്ടു പോയതാകണം.
നിരവധി ചെറു കഥകളും 4 നോവലുകളും 2 കവിതകളുമാണ് സാഹിത്യലോകത്തിൽ വെളിച്ചം കണ്ടത്. രാജലക്ഷ്മിയുടെ കഥകൾ എന്ന പുസ്തകത്തിലെ കഥകളിൽ ഒന്നാണ്
‘മകൾ’.
സ്വയം ജീവിക്കാൻ മറന്നു പോയി മറ്റുള്ളവർക്കായി ജീവിച്ച ഒരു മകൾ. ശാരദ. അന്നത്തെ കാലത്തെ മികച്ച പഠനം, സൗന്ദര്യം, കഴിവ് ഇവ എല്ലാമുണ്ടായിട്ടും അഡ്വക്കേറ്റ് ശാരദ ജീവിതത്തിൽ തോറ്റു പോകുന്നു. ഒരു സ്ഥിരം ശൈലി കുടുംബം. ദുരഭിമാനിയും കുടുംബത്തിൽ ആർക്കും ഗുണവും ഇല്ലാത്ത കുറെ ആദർശങ്ങളുമായി ജീവിക്കുന്ന അച്ഛൻ. നിസ്സഹായയും നിരാലംബയുമായ അമ്മ. നാലു സഹോദരങ്ങൾ. ഇതൊക്കെയായിരുന്നു ശാരദയുടെ സ്വത്തുക്കൾ. ശാരദയുടെ വരുമാനത്തിൽ കഴിഞ്ഞിട്ടും ആജ്ഞാപിക്കാൻ മാത്രം തയ്യാറായ അച്ഛൻ മകളുടെ ജീവിതത്തിനു യാതൊരു പ്രാധാന്യവും നൽകുന്നില്ല. കുടുംബത്തിന് വേണ്ടി ജീവിക്കാൻ മാത്രം കടമപ്പെട്ടവളാണ് എന്ന മിഥ്യധാരണയിൽ കടപ്പാടുകളും കടമകളും മാത്രം ഓർത്തുകൊണ്ട് സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും വേണ്ടാന്ന് വയ്ക്കുന്ന ശാരദ അന്നത്തെ ആൺകോയ്മ നിറഞ്ഞ സമൂഹത്തിനെയും സ്വന്തമായി ജീവിക്കാനുള്ള ചിന്തകൾ പോലും കുഴിച്ചുമൂടേണ്ടിയിരുന്നവരെയും സൂചിപ്പിക്കുന്നു. ഇന്നും അതിൽ നിന്നുമൊക്കെ നമ്മുടെ സമൂഹം ഒരുപാടു മാറിയിട്ടില്ല എന്നത് മറ്റൊരു സത്യം.
അച്ഛനായാൽ മക്കളെ സൃഷ്ടിച്ചാൽ മാത്രം പോരാ അവരെ വളർത്താനും പരിപാലിക്കാനും കഴിയണം എന്നും പറഞ്ഞ് ശാരദയുടെ അനിയൻ ഒരു രാത്രി വീട്ടിൽ നിന്നും ഇറങ്ങിപോകുമ്പോൾ ഉള്ള സത്യം അവൻ പറഞ്ഞുവല്ലോ എന്നോർത്ത് വായനക്കാർ തീർച്ചയായും ആശ്വസിച്ചു കാണും എന്നെപോലെ. കുടുംബത്തിനെ കര കയറ്റാനാകാതെ സ്വന്തം സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ആകാതെ പ്രണയവും ജീവിതവും കുടുംബവും ഒക്കെ ബാക്കിയാക്കി ശാരദ ജീവിതത്തിൽ നിന്ന് വിട വാങ്ങുന്നു.1950 കളിലെ സാമൂഹികവും സാമ്പത്തികവും ആയ വ്യവസ്ഥിതികളും കുടുംബപശ്ചാത്തലങ്ങളും ഒക്കെ അന്നത്തെ പെൺകുട്ടികളിൽ അടിച്ചേല്പിച്ചിരുന്ന മാനസിക സമ്മർദ്ദങ്ങൾ ഇന്നത്തെ കാലത്തെ വായനാ സമൂഹത്തിനു അപരിചിതമായി തോന്നിയേക്കാം. കാരണം ഇന്നത്തെ കാലത്ത് സ്വന്തം ജീവിതത്തിനു വില കൽപിക്കാത്ത പെൺകുട്ടികൾ വിരളമാണ്. സ്വന്തം ജീവിതം കടപ്പാടിന്റെയും കുടുംബസ്നേഹത്തിന്റെയും പേരിൽ നഷ്ടമാക്കിയവരായിരുന്നു രാജലക്ഷ്മിയുടെ എല്ലാ നായികമാരും.
കാലം എത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത കുറെ വ്യവസ്ഥിതികളും ജീവിതാനുഭവങ്ങളുടെ ചൂടും ചൂരുമായിരുന്നു രാജലക്ഷ്മി കഥകൾക്ക്. അതുകൊണ്ടാകണം സമൂഹത്തിൽ നിന്നും അവഗണനകളും ഒറ്റപ്പെടലുകളും എഴുത്തുകാരിക്ക് നേരിടേണ്ടി വന്നത്. രാജലക്ഷ്മി ടീച്ചർ ന്റെ ഏറ്റവും ആദ്യം വെളിച്ചം കണ്ടതും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതുമായ കഥയാണ് മകൾ.

ഷീജ രാജേഷ്