സ്വാതന്ത്ര്യസമരത്തില്‍ സവര്‍ക്കറിന്റെ പങ്ക് എന്നെന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അമിത് ഷാ

കൊല്‍ക്കത്ത: സവര്‍ക്കറെ പ്രകീര്‍ത്തിച്ച് ആഭ്യന്തരമന്ത്രി അമിത് ഷായും. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വീര സവര്‍ക്കറുടെ സംഭാവനകള്‍ എന്നെന്നും ഓര്‍ത്തിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ആന്റമാനിലെ സെല്ലുലാര്‍ ജയില്‍ മ്യൂസിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ തന്റെ നിലപാട് വ്യക്തമാക്കിയത്.

സവര്‍ക്കര്‍ സെല്ലുലാര്‍ ജയിലിനെ ഒരു ദേവാലയമായാണ് കണ്ടത്. ബ്രിട്ടീഷുകാര്‍ അവര്‍ക്ക് തോന്നുന്നത്ര പീഡനങ്ങള്‍ക്ക് തങ്ങളെ വിധേയനാക്കാം എന്നാല്‍ അവകാശങ്ങള്‍ തടയാനാകില്ല എന്ന സന്ദേശമാണ് തന്റെ ജയില്‍ വാസത്തിലൂടെ സവര്‍ക്കര്‍ നല്‍കിയതെന്ന് അമിത് ഷാ പറഞ്ഞു. ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപബ്‌ളിക്കന്‍ അസോസിയേഷന്‍ നേതാവ് സച്ചിന്‍ സന്യാലിനെയും ഷാ അനുസ്മരിച്ചു.

കാലാപാനി എന്നറിയപ്പെട്ടിരുന്ന സെല്ലുലാര്‍ ജയിലിലേക്ക് രണ്ട് തവണ ശിക്ഷിക്കപ്പെട്ട് എത്തിയ ഏക സ്വാതന്ത്ര്യ സമര സേനാനിയാണ് സച്ചിന്‍ സന്യാല്‍. സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന സെല്‍ സന്ദര്‍ശിച്ച അദ്ദേഹം സച്ചിന്‍ സന്യാലിനെ പാര്‍പ്പിച്ചിരുന്ന സെല്ലിലെത്തി പുഷ്പാര്‍ച്ചന നടത്തി.

സവര്‍ക്കറെ കുറിച്ചുളള പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ വച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ദേശീയവാദിയാണ് സവര്‍ക്കറെന്നും ഗാന്ധിജി അറിയിച്ചിട്ടാണ് ബ്രിട്ടീഷുകാരോട് അദ്ദേഹം മാപ്പപേക്ഷ നല്‍കിയതെന്നും അഭിപ്രായപ്പെട്ടിരുന്നു. രാജ്‌നാഥ് സിംഗിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയത്.