ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതില്‍ ഗുരുതരമായ പിഴവുകളെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചിക തയ്യാറാക്കിയതില്‍ ഗുരുതരമായ പിഴവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാരുടെ പ്രസ്താവന. അശാസ്ത്രീയമായാണ് സൂചിക തയ്യാറാക്കിയതെന്നും കേന്ദ്രം പറയുന്നു. സൂചികയില്‍ ഇന്ത്യയുടെ റാങ്ക് മോശമായതിനെത്തുടര്‍ന്നുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. 107 രാജ്യങ്ങളുള്‍പ്പെടുന്ന ആഗോള പട്ടിണി സൂചികയില്‍ 101ാം റാങ്കാണ് ഇന്ത്യയ്ക്കുള്ളത്

‘ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി’ല്‍ ഇന്ത്യയുടെ റാങ്ക് താഴ്ന്നുവെന്നത് ഞെട്ടിക്കുന്നതാണ്. പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ഈ സൂചികയില്‍ ഗുരുതരമായ പിഴവുകള്‍ ഉണ്ട്. അടിസ്ഥാനപരമായ വസ്തുതകള്‍ സൂചിക തയ്യാറാക്കുന്നതിന് കണക്കിലെടുത്തിട്ടില്ല. ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നിവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സര്‍വേ ആണ് സൂചിക തയ്യാറാക്കുന്നതിന് അവലംബിച്ചത്. കൂടാതെ സര്‍വേ നടത്തിയത് ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയമായ രീതിയല്ല. ആളോഹരി ഭക്ഷ്യധാന്യ ലഭ്യത പോലുള്ള, പോഷകാഹാരക്കുറവ് കണ്ടെത്താനുള്ള ശാസ്ത്രീയമായ രീതികള്‍ ഇതിനായി സ്വീകരിച്ചില്ല. പോഷകാഹാരക്കുറവ് ശാസ്ത്രീയമായി വിലയിരുത്തുന്നതിന് വ്യക്തികളുടെ ശരീരഭാരവും ഉയരവും അറിയേണ്ടതുണ്ട്. സര്‍ക്കാരില്‍ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും ഈ സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നില്ല. സര്‍വേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്

കോവിഡ് കാലത്തുപോലും രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ പൂര്‍ണമായും അപകീര്‍ത്തിപ്പെടുത്തുന്നവയാണ് ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദീകരിക്കുന്നു.

ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ എന്ന വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്.