ആറു മാസം മുമ്പ് മരിച്ച കെഎസ് ആര്‍ടിസി കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം

ആലപ്പുഴ: ആറ് മാസം മുന്‍പ് കൊവിഡ് ബാധിച്ച് മരണമടഞ്ഞ കണ്ടക്ടറെ എറണാകുളത്തേക്ക് സ്ഥലംമാറ്റി കെഎസ്ആര്‍ടിസി. ചേര്‍ത്തല ഡിപ്പോയിലെ കണ്ടക്ടറായിരിക്കെ മരണമടഞ്ഞ പൂച്ചാക്കല്‍ സ്വദേശി ഫസല്‍ റഹ്മാനെ(36) സ്ഥലംമാറ്റിയെന്ന് കാണിച്ചാണ് ബന്ധുക്കള്‍ക്ക് ഉത്തരവ് ലഭിച്ചിരിക്കുന്നത്. ഉടന്‍ ജോലിയില്‍ പ്രവേശിക്കാനും നിര്‍ദ്ദേശമുണ്ട്.

സംഭവം വിവാദമായതോടെ കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. സാങ്കേതികമായി സംഭവിച്ച പിഴവാണ് സംഭവത്തിന് കാരണമായത്. മരണം യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പിഴവ് വന്നതോടെ കരട് സ്ഥലംമാറ്റ പട്ടികയിലില്ലായിരുന്ന ഫസലിന്റെ പേര് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്നാണ് വിശദീകരണം.

മുന്‍പ് ഫസലിന്റെ മരണശേഷമുളള ചടങ്ങുകള്‍ നടക്കുമ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്നും രോഗം കൂടുതലാണെന്നും ബന്ധുക്കള്‍ ഉടന്‍ എത്തണമെന്നും ഫോണ്‍ വന്നതും വിവാദമായിരുന്നു. പിന്നീട് ഇത് അബദ്ധം സംഭവിച്ചതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.