പ്രണയഗാഥ (കവിത – കൃഷ്ണപ്രിയ. കെ )

പുൽനാമ്പിലെ മഞ്ഞുതുള്ളിയാ കഥ പറഞ്ഞു.
കാത്തിരിപ്പിന്റെ പ്രണയഗാഥയെന്നോ
പ്രണയത്തിന്റെ കാത്തിരിപ്പു ഗാഥയെന്നോ ഉചിതമായ ശീർഷകം
കേൾവിക്കാർക്കു നൽകാം.

പ്രിയതമൻ ക്ഷണം കിഴക്കുദിക്കും.
വാനിൽ കുങ്കുമം കലർത്തും.
മഞ്ഞുതുള്ളിയുടെ നിറമേഴും നാണം കടന്ന് പുറത്തുചാടാൻ തയ്യാറായി.

സമയമായില്ല പോലും കിളിമകളുടെ കളിചൊല്ലൽ

ഇളംകാറ്റിൻ ഗതിയിൽ
ഒരു ശലഭമായ് പറന്നാലോ

വായുവിൽ നൃത്തമാടാൻ
മഞ്ഞുതുള്ളിയ്ക്കുമൊരു മോഹം .

ഒരു മാത്ര കണ്ട നേരം
മോഹാലസ്യപ്പെട്ട് മണ്ണിൽവീണ്‌
വറ്റിയലിഞ്ഞു പോയവൾ.
ഇനിയൊരു ജന്മമാഗതമായാൽ
പണ്ടത്തെയാ കവിതയിലെ സൂര്യകാന്തിയാകണമെന്ന നനവാർന്നോർമയായവൾ
മണ്ണിനുറവയിലേക്കു പോയി.

ഉദയം മുതൽ അസ്തമയം വരെ
ഇമ ചിമ്മാതെ നോക്കി നിൽക്കണമെന്നും

ഒടുവിൽ സായംസന്ധ്യ പിന്നിടുമ്പോൾ
ഇരുൾ വന്നു മൂടുമ്പോൾ
വേർപാടിന്റെ വേദന പടരുംമുൻപേ
കൊഴിഞ്ഞുവീഴണമെന്നല്ലാതെ
സൂര്യകാന്തിക്ക് വേറെ ചിന്തയില്ലല്ലോ ലേ…

കാലം മാറിയാലും മാറാത്ത പ്രണയ സമവാക്യങ്ങളിലെ
മഞ്ഞുതുള്ളിയും സൂര്യകാന്തിയൊന്നുമല്ലാതെ

പെണ്ണുങ്ങൾക്ക് സമമായി വേറെ ബിംബങ്ങളൊന്നുമില്ലേ ?

ശീർഷകം പോലെ വാൽക്കഷ്ണവും കേൾവിക്കാർക്കു തീരുമാനിക്കാം.

കൃഷ്ണപ്രിയ കെ
രണ്ടാം വർഷ ബി.എ മലയാളം
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കൊടകര.