കെ.എസ്.യു ജില്ലാ പ്രസിഡന്റിന്‌ വധു മുൻ എസ്.എഫ്.ഐ നേതാവ് !

കോഴിക്കോട് : വിശ്വസിച്ച പ്രത്യയശാസ്ത്രം മുറകെ പിടിച്ചു തന്നെ അവർ ഒന്നിക്കുന്നു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് വി.ടി.നിഹാലും എസ്എഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം ഐഫ അബ്ദുറഹ്മാനുമാണ് ജീവിതത്തിൽ ഒരുമിക്കുന്നത്. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത വർഷമാണ് വിവാഹം നടക്കുക.

കോഴിക്കോട് ലോ കോളജിലെ വിദ്യാര്‍ഥികളായിരുന്നു നിഹാലും ഐഫയും. നിഹാല്‍ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയായിരുന്നപ്പോഴാണ് ഐഫ പഞ്ചവത്സര എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായി എത്തുന്നത്. എസ്എഫ്‌ഐയുടെ കോട്ടയായിരുന്ന ലോ കോളജില്‍, കെഎസ്യുവിന്റെ തീപ്പൊരി നേതാവായിരുന്നു നിഹാല്‍.

എസ്എഫ്‌ഐയില്‍ ചേര്‍ന്ന ഐഫ കോളജ് യൂണിയന്‍ ജോയിന്റ് സെക്രട്ടറിയും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായി. നിഹാല്‍ കെഎസ്യു ജില്ലാ പ്രസിഡന്റും ഐഫ എസ്എഫ്‌ഐ വനിതാ വിഭാഗമായ മാതൃകത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായി. ലോ കോളജിലെ സംഘടാനപ്രവര്‍ത്തകര്‍ എന്ന നിലയില്‍ പരിചയമുണ്ടായിരുന്നെങ്കിലും അതു പ്രണയമായി വളര്‍ന്നിരുന്നില്ലെന്ന് ഇരുവരും പറയുന്നു.

പഠനത്തിനു ശേഷം 2018ല്‍ നിഹാല്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 2021ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കി 3 മാസം മുന്‍പ് ഐഫയും ജില്ലാ കോടതിയില്‍ എത്തിയതോടെ പരിചയം വളര്‍ന്നു. ഐഫയുടെ ബന്ധുവഴിയാണ് വിവാഹ ആലോചന എത്തിയത്. രാഷ്ട്രീയം പ്രശ്‌നമാകുമോ എന്ന സംശയമുണ്ടായിരുന്നെങ്കിലും തുറന്നു സംസാരിച്ചപ്പോള്‍ അതൊരു തടസ്സമേയല്ലെന്നു തിരിച്ചറിഞ്ഞെന്നു നിഹാല്‍ പറയുന്നു. വിവാഹം കഴിഞ്ഞാലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളില്‍ മാറ്റം വരുത്താനില്ലെന്നാണ് ഇരുവരുടെയും തീരുമാനം. കലാലയ ജീവിതത്തില്‍ കയ്യിലേന്തിയ ഇരു നിറമുള്ള കൊടികള്‍ പിടിച്ചുതന്നെ അവര്‍ ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുകയാണ്.