മഴ (കവിത – പാപ്പച്ചൻ കടമക്കുടി)

ഴ മഴ മഴ മഴ മഴവരവായീ
മഴയുടെ കളിചിരി നിറവായി
പുഴയും വഴിയും മുറ്റവുമെല്ലാം
മഴനനയുന്നതു പതിവായീ.
മലയുടെ, യിലയുടെ, പുരയുടെ മേലേ
കലപില കലപില സ്വരമായീ .

ഈ മഴ പുതുമഴ, കുളിർമഴ, തുള്ളും
പൂമഴ വെള്ളിച്ചില്ലുമഴ .
ഓടിവരും കുനുകുസൃതിമഴ, കളി –
യാടിക്കൊഞ്ചും കുഞ്ഞുമഴ.
പാട്ടുംപാടി നടന്നീ വഴികളിൽ
കൂട്ടംകൂടും സ്നേഹമഴ.
ചാടിമറിഞ്ഞീച്ചെളിവെള്ളത്തിൽ
ചോടുചവിട്ടും കന്നിമഴ.
കാറ്റോടൊന്നിച്ചൂറ്റംകൊള്ളണ
കൂറ്റൻ പേമഴ, വീരമഴ .
തുള്ളിക്കുടമായ് കലിതുള്ളീട്ടെ –
ന്നുള്ളുകലക്കണ ചള്ളുമഴ.
കിളിയെ, മരത്തെ നുള്ളിത്തല്ലി –
യൊളിച്ചുകളിക്കും കള്ളമഴ .
വെറുതെ കിണുങ്ങിച്ചറുപറെവീഴണ
ചൊടിയില്ലാമഴ തുള്ളിമഴ.
മഴമാറീട്ടും ചില്ലതുളുമ്പി –
പ്പൊഴിയും മരമഴ, യമൃതമഴ,

പുതുവെള്ളത്തിൽ പുതുമകൾ തിങ്ങി –
പ്പതയും കുമിളകൾ പൂപോലെ.
നനയാൻ, മഴയിൽക്കുതിരാൻ ,ചെളിയിൽ –
പ്പുളയാനെന്തൊരു രസമാണ്!
പനിയുടെ വരവുണ്ടരികേ, വടികൊ-
ണ്ടമ്മയുമുണ്ട് പിന്നാലേ..

നിന്നോടൊന്നിച്ചൊത്തുകളിക്കാൻ
എന്നോളം കൊതിയാർക്കുണ്ട്?
എന്നാലമ്മയുമച്ഛനുമിങ്ങനെ
കണ്ണുമുരുട്ടി വരുന്നേരം.
നിന്നോടിന്നു പറഞ്ഞേക്കാം ചെവി-
തന്നാൽ ചെറിയസ്വകാര്യം ഞാൻ,
” വേണ്ട മഴേ നീ വരേണ്ടാ, യരിക –
ത്തിവരുള്ളപ്പോളൊരുനാളും ‘”