നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം നവംബര്‍ 19ന്

ന്യൂയോര്‍ക്ക്: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് നവംബര്‍ 19ന് ഭൂമി സാക്ഷ്യം വഹിക്കും. മൂന്ന് മണിക്കൂര്‍ 28 മിനിട്ട് 23 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഗ്രഹണം ഇന്ത്യയുടെ വടക്ക് കിഴക്ക് സംസ്ഥാനങ്ങളായ അസം, അരുണാചല്‍പ്രദേശ് എന്നിവിടെങ്ങളില്‍ കാണാന്‍ കഴിയും.

ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30ന് ശേഷം ചന്ദ്രഗ്രഹണം അതിന്റെ പൂര്‍ണതയിലെത്തും. ഇതോടെ ചന്ദ്രന്റെ 97 ശതമാനവും ഭൂമിയുടെ മറയിലായി സൂര്യ പ്രകാശമില്ലാതാകും. ഇതോടെ ചന്ദ്രനെ ചുവപ്പ് കലര്‍ന്ന നിറത്തില്‍ കാണാന്‍ സാധിക്കും. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഗ്രഹണം ദൃശ്യമാകും. മെക്സിക്കോ, ഓസ്‌ട്രേലിയ, കിഴക്കന്‍ ഏഷ്യ, വടക്കന്‍ യൂറോപ്പ്, പസഫിക് സമുദ്രമേഖല എന്നിവിടങ്ങളില്‍ ഗ്രഹണം പ്രകടമാകും. ആഫ്രിക്കയിലും പശ്ചിമേഷ്യയിലും ദൃശ്യമാകില്ല.

2001നും 2100നും ഇടയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണത്തിനാണ് ഭൂമി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. അതേസമയം 21-ാം നൂറ്റാണ്ടില്‍ ഭൂമി ആകെ 228 ചന്ദ്രഗ്രഹണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് നാസ അറിയിച്ചു.