ഇന്ധനവില വര്‍ധനവ്; സര്‍ക്കാരുകളോട് ചോദിക്കൂ എന്ന് നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ഉയര്‍ന്ന ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ അവരവരുടെ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചതിനു പിന്നാലെ, വില വീണ്ടും കുറയുന്നതിന് സംസ്ഥാനങ്ങളോട് മൂല്യവര്‍ധിത നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട്, സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മല. ജി.എസ്.ടി. കൗണ്‍സില്‍ നിരക്ക് നിശ്ചയിക്കാത്തിനാല്‍, പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.

വിലവര്‍ധനയില്‍ വ്യാപകപ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ ദീപാവലിയുടെ തലേദിവസം കേന്ദ്രസര്‍ക്കാര്‍, പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കുറച്ചിരുന്നു. പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്തു രൂപയുമാണ് കുറച്ചത്. ഇതിനു പിന്നാലെ പല സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും മേലുള്ള മൂല്യവര്‍ധിത നികുതി(വാറ്റ്) കുറയ്ക്കുകയും ചെയ്തിരുന്നു