ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികള്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. എന്നാല്‍ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ചയുണ്ടായാല്‍ കോടതികള്‍ക്ക് ഇടപെടാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകള്‍ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തില്‍ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

വ്യവസ്ഥാപിതമായ ആചാരങ്ങള്‍ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കില്‍ ഹര്‍ജിക്കാരന് കീഴ് കോടതിയില്‍ സിവില്‍ സ്യൂട്ട് നല്‍കാവുന്നത് ആണെന്നും കോടതി വ്യക്തമാക്കി. അതേസമയം ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളില്‍ ഏതെങ്കിലും വീഴ്ച്ചയോ, ദര്‍ശനം അനുവദിക്കുന്നതില്‍ വിവേചനം ഉണ്ടെങ്കിലോ നിര്‍ദേശം നല്‍കാന്‍ തങ്ങള്‍ക്ക് കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന് ഉള്ള സംശയങ്ങള്‍ നീക്കാന്‍ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് അപ്പുറം ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങളില്‍ കോടതി ഇടപെടുന്നത് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.