തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. ഇതുവരെ 16 ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ഇത് നാളെ പുലര്‍ച്ചെ വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര തീരത്ത് കര തൊടുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

ചെന്നൈ തീരത്തിന് 270 കിലോമീറ്റര്‍ തെക്കു-കിഴക്കായാണ് നിലവില്‍ തീവ്ര ന്യൂനമര്‍ദ്ദം ഉള്ളത്. ഇതിന്റെ പ്രഭാവത്തില്‍ ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ പുലര്‍ച്ചെയോടെ ശക്തമായി. ഇപ്പോഴും മഴ തുടരുകയാണ്. വരും മണിക്കൂറുകളില്‍ മഴയുടെ ശക്തി കൂടും. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിച്ചേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

ചെന്നൈ ഉള്‍പ്പെടെ അഞ്ച് ജില്ലകള്‍ക്കായിരുന്നു നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഇപ്പോളത് 16 ആക്കി. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലും നല്ല മഴയുണ്ട്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും കാവേരി ഡല്‍റ്റ മേഖലയിലെ ജില്ലകളിലും മഴ തുടരുകയാണ്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

ചെന്നൈ നഗരത്തില്‍ ടി നഗര്‍ ഉസ്മാന്‍ റോഡ്, ജിവി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമം തുടരുകയാണ്. പോണ്ടിച്ചേരിയില്‍ ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. കനത്ത മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. നീരൊഴുക്ക് കൂടിയതിനാല്‍ ചെമ്പരമ്പാക്കം അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.