വീണ്ടും ചൈനയുടെ കൈയേറ്റം; അരുണാചലില്‍ 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വീണ്ടും ചൈനയുടെ കൈയേറ്റം. ഷിയോമി ജില്ലയില്‍ കൈയേറ്റം നടത്തി 60 കെട്ടിടങ്ങള്‍ നിര്‍മിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നു. എന്‍ഡിടിവിയാണ് മാക്‌സര്‍ ടെക്‌നോളജീസ്, പ്ലാനറ്റ് ലാബ് എന്നീ സ്ഥാപനങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുറത്തുവന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ പ്രകാരം 2019 ല്‍ ഈ കെട്ടിടങ്ങളുണ്ടായിരുന്നില്ല. ഒരു വര്‍ഷം കൊണ്ടാണ് കെട്ടിടങ്ങള്‍ നിലവില്‍ വന്നത്.

നേരത്തെ അരുണാചല്‍പ്രദേശില്‍ തന്നെ ചൈന ഭൂമി കൈയേറി ഒരു ഗ്രാമം നിര്‍മിച്ചിരുന്നു. ഇതില്‍ നിന്ന് 93 കിലോമീറ്റര്‍ കിഴക്കായാണ് പുതിയ കൈയേറ്റം. ചൈനയുടെ കൈയേറ്റം അമേരിക്കന്‍ ഏജന്‍സിയായ പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു. നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും ഇടയില്‍ ഇന്ത്യ അവകാശവാദമുന്നയിക്കുന്ന പ്രദേശത്താണ് ചൈനയുടെ പുതിയ നിര്‍മാണം.

അതേസമയം ചൈനക്ക് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്ത് വന്നു. ഒരിഞ്ച് ഭൂമി കൈയ്യേറാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ആരുടേയും ഭൂമില്‍ അവകാശം സ്ഥാപിക്കാന്‍ ഇന്ത്യക്ക് താത്പര്യമില്ലെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ഇതുവരെ നുഴഞ്ഞുകയറ്റങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ടെന്നും ചൈനക്ക് മന്ത്രി മുന്നറിയിപ്പ് നല്‍കി.