അന്‍സി ഡിജെ പാര്‍ട്ടികള്‍ക്ക് പോകാറില്ല ! എന്നും വരുന്ന കോള്‍ വന്നില്ല, ഡ്രൈവര്‍ ആര്‌ ?

തിരുവനന്തപുരം: വിവാദമായ അപകടത്തില്‍ മരിച്ച മുന്‍ മിസ് കേരള അന്‍സി കബീര്‍ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കാറില്ലെന്ന് കുടുംബം. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുഹൃത്തുകള്‍ പാര്‍ട്ടിക്കു നിര്‍ബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം പറയുന്നു.

മാത്രമല്ല, അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന അബ്ദുല്‍ റഹ്‌മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വര്‍ധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നല്‍കിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങള്‍ മാറ്റിയതിനെക്കുറിച്ചും കാറില്‍ പിന്തുടര്‍ന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്‌നങ്ങളില്ലെങ്കില്‍ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ല.

അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അന്‍സി പറഞ്ഞിട്ടില്ല. ഹോട്ടല്‍ ഉടമയുടെ പരിചയക്കാരനാണ് അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന കാര്‍ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം സ്ഥിരമായി വിളിക്കാറുള്ള അന്‍സി വീട്ടിലേക്ക് വിളിച്ചിട്ടില്ല. സംഭവത്തിലെ ദുരൂഹത മാറ്റണം. അല്ലെങ്കില്‍ ആലോചിച്ചശേഷം തുടര്‍നടപടികള്‍ തീരുമാനിക്കും. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞശേഷം മുഖ്യമന്ത്രിക്കു പരാതി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കുമെന്നും കുടുംബം പറഞ്ഞു.

അതേസമയം, മുന്‍ മിസ് കേരള ഉള്‍പ്പടെ മൂന്ന് പേരുടെ അപകട മരണം പ്രത്യേക സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ചിന് കീഴിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണ ചുമതല കൈമാറും. എസിപി ബി ജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അതേസമയം, മോഡലുകള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്ന സൈജു മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

ഇതിനിടെ കൊച്ചിയില്‍ മോഡലുകളുടെ മരണത്തില്‍ ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തായി. സിസിടിവി ദൃശ്യങ്ങള്‍ മാറ്റിയത് ഡി ജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്തെന്ന് ഹോട്ടലുടമയുടെ മൊഴിയില്‍ പറയുന്നു. നവംബര്‍ ഒന്നിനാണ് ഹാന്‍ഡ് ഡിസ്‌ക് മാറ്റിയതെന്നും മോഡലുകളെ നിരീക്ഷിക്കാന്‍ ഓഡി കാര്‍ ഡ്രൈവര്‍ സൈജുവിനെ വിട്ടത് താനാണെന്നും റോയ് വ്യക്തമാക്കി.

മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകള്‍ നിരസിച്ചു. അഭ്യര്‍ത്ഥന കണക്കാക്കാതെ യാത്ര തുടര്‍ന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാന്‍ വിളിച്ച ഡ്രൈവറോട് ആശുപത്രിയില്‍ തുടരാന്‍ റോയ് നിര്‍ദേശിച്ചെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.