വരുന്നു……യുവ മുന്നേറ്റം

സി.പി.എം സംസ്ഥാന സമ്മേളനത്തിനായി കൊച്ചി നഗരം ഉടന്‍ ഒരുങ്ങും …. മാര്‍ച്ച് ആദ്യവാരത്തിലാണ് സമ്മേളനം നടക്കുന്നത്. ജില്ലാ സമ്മേളനം കഴിയുന്നതോടെ പൂര്‍ണ്ണമായും സംസ്ഥാന സമ്മേളന പ്രവര്‍ത്തനത്തിലേക്ക് എറണാകുളം ജില്ലയിലെ പാര്‍ട്ടി സംവിധാനം ആകെ തന്നെ മാറും. പാര്‍ട്ടി കോണ്‍ഗ്രസ്സ് ഇത്തവണ കണ്ണൂരിലാണ് നടക്കുന്നത് എന്നതിനാല്‍ സംസ്ഥാന നേതൃത്വത്തിനും വലിയ ഉത്തരവാദിത്വമാണുള്ളത്. കണ്ണൂര്‍ ജില്ലാ നേതൃത്വം ഇതിനകം തന്നെ പാര്‍ട്ടി കോണ്‍ഗ്രസ്സിനായുള്ള ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു. സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസ്സും നടക്കേണ്ട ജില്ലകള്‍ ആയതിനാല്‍ ജില്ലാ സമ്മേളനങ്ങള്‍ ആദ്യം പൂര്‍ത്തീകരിക്കുന്നതും എറണാകുളം, കണ്ണൂര്‍ ജില്ലകളുടേതാണ്.

ഈ സമ്മേളനം മുതല്‍ പാര്‍ട്ടിയുടെ ജില്ലാ, സംസ്ഥാന, കേന്ദ്ര കമ്മിറ്റികളില്‍ 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കാനും സിപിഎം തീരുമാനമെടുത്തിട്ടുണ്ട്. അതേസമയം 75 കര്‍ശനമാക്കുമ്പോഴും അനിവാര്യര്‍ക്ക് ഇളവു നല്‍കാനും ഇതില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ അനിവാര്യരല്ലാത്ത എഴുപത്തഞ്ചുകാരെല്ലാം എന്തായാലും മാറേണ്ടി വരും. ഇവരില്‍ ചിലര്‍ ക്ഷണിതാക്കളായി മാറാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയുകയില്ല. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വലിയ പരിഗണനയാണ് ബ്രാഞ്ച് സമ്മേളനം മുതല്‍ സി.പി.എം നല്‍കി വരുന്നത്. നിരവധി യുവജന മഹിളാ നേതാക്കള്‍ ഇതിനകം തന്നെ പാര്‍ട്ടി നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിതകളും യുവാക്കളുമായ ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കല്‍ സെക്രട്ടറിമാരും അനവധിയാണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മറ്റു പാര്‍ട്ടികള്‍ക്കൊന്നും സാധിക്കാത്ത പരിഗണനയാണിത്. ഏരിയാ ജില്ലാ സമ്മേളനങ്ങളിലും വിപ്ലവകരമായ ഈ മാറ്റങ്ങള്‍ പ്രകടമാകും.

ഇത്തവണ സി.പി.എം സംസ്ഥാന കമ്മറ്റിയിലേക്ക് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ് എന്നിവര്‍ ഉള്‍പ്പെടും. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീശിനും അതോടൊപ്പം തന്നെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.എ വിനീഷിനും സാധ്യത ഏറെയുമാണ്.

സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. പ്രത്യേക ക്ഷണിതാക്കളായി വി.എസ്.അച്യുതാനന്ദന്‍, പാലോളി മുഹമ്മദുകുട്ടി, പി.കെ.ഗുരുദാസന്‍, എം.എം.ലോറന്‍സ് ഉള്‍പ്പെടെ മറ്റു എട്ടുപേരുമുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ 88 പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം.മണി, കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി.നാരായണന്‍, ജി.സുധാകരന്‍ എന്നിവര്‍, 75 വയസിലെത്തുകയോ അത് പിന്നിടുകയോ ചെയ്തവരാണ്. ഇവരില്‍ പിണറായിയും കരുണാകരനും വൈക്കം വിശ്വനും കേന്ദ്രകമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമാണ്. ആനത്തലവട്ടവും എം.എം.മണിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളാണ്.

പാര്‍ട്ടിയുടെ ഈ മുതിര്‍ന്ന നേതാക്കളില്‍ ആരൊക്കെ ഈ സമ്മേളനത്തിനു ശേഷം സംസ്ഥാനത്തെ പരമോന്നത കമ്മിറ്റിയിലുണ്ടാകുമെന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പി.ബി അംഗമായതിനാല്‍ പിണറായി ഇത്തവണയും മാറ്റമില്ലാതെ തന്നെ തുടരും. അക്കാര്യം എന്തായാലും ഉറപ്പാണ്. പ്രായപരിധി കര്‍ശനമാക്കുന്നതിനാല്‍ മാറി നില്‍ക്കേണ്ടിവന്നാലും സിഐടിയു പ്രസിഡന്റ് എന്നതു കൂടി കണക്കിലെടുത്ത് ആനത്തലവട്ടത്തെ പ്രത്യേക ക്ഷണിതാവാക്കാനാണ് സാധ്യത. ട്രേഡ് യൂണിയനിസ്റ്റ് എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ആനത്തലവട്ടം മൂന്നുതവണ നിയമസഭാംഗമായിട്ടുണ്ട്. ആറ്റിങ്ങല്‍ മണ്ഡലത്തല്‍നിന്നും 1987ലും 1996ലും 2006ലുമായിരുന്നു ഈ വിജയങ്ങള്‍.

പാര്‍ട്ടി പിളര്‍പ്പിന്റെ കാലത്തു സിപിഐക്കാരുടെ മര്‍ദനവും അടിയന്തരാവസ്ഥക്കാലത്തു, പൊലീസ് മര്‍ദനവും ഏറ്റുവാങ്ങിയ നേതാവാണ് വൈക്കം വിശ്വന്‍. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്ന 1957ലാണു വൈക്കം വിശ്വന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമാകുന്നത്. എസ്എഫ്‌ഐയുടെ ആദ്യരൂപമായ കെഎസ്എഫിലൂടെ ആയിരുന്നു തുടക്കം. പിന്നീട് സംഘടനയുടെ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. 1980ല്‍ ഏറ്റുമാനൂരില്‍നിന്നാണ് നിയമസഭയില്‍ എത്തിയിരുന്നത്. 1978ല്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 2005ല്‍ സംസ്ഥാന സെക്രട്ടറേറിയറ്റിലും 2009 ല്‍ കേന്ദ്രകമ്മിറ്റിയിലുമെത്തി.

പതിനാറാം ലോക്‌സഭയില്‍ സിപിഎമ്മിന്റെ കക്ഷിനേതാവായ വ്യക്തിയാണ് പി.കരുണാകരന്‍ എകെജിയുടെയും സുശീല ഗോപാലന്റെയും മകളായ ലൈലയുടെ ഭര്‍ത്താവ് എന്ന നിലയിലും സി.പി.എം പ്രവര്‍ത്തകര്‍ക്ക് കരുണാകരന്‍ പ്രിയപ്പെട്ടവനാണ്. ആനത്തലവട്ടം കഴിഞ്ഞാല്‍ പ്രായത്തില്‍ തൊട്ടുതാഴെ കോലിയക്കോട് കൃഷ്ണന്‍നായരാണുള്ളത്. സഹകരണ മേഖലയില്‍ സജീവമായ കൃഷ്ണന്‍നായര്‍ സംസ്ഥാന സഹകരണ യൂണിയന്റെ ചെയര്‍മാന്‍ കൂടിയാണ്. അഞ്ചുതവണയാണ് അദ്ദേഹം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. അതേസമയം സൈദ്ധാന്തിക മേഖലയില്‍ സിപിഎമ്മിനു ധാരാളം സംഭാവനകള്‍ നല്‍കിയ നേതാവാണ് സി.പി.നാരായണന്‍. അദ്ദേഹം 2012 മുതല്‍ ഒരു ടേം രാജ്യസഭാംഗവും ആയിരുന്നു.

എട്ടു തവണയും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പോരാളിയാണ് മുന്‍ മന്ത്രി എം.എം.മണി. പാര്‍ട്ടിക്കാരെ സംബന്ധിച്ച് സ്വന്തം മണിയാശാന്‍ … പ്രായ പരിധി കര്‍ക്കശമാക്കിയാല്‍ മണിയാശാനും മാറി നില്‍ക്കേണ്ടി വരും. എന്നാല്‍ ക്ഷണിതാവാകാനുള്ള സാധ്യതയും ഏറെയാണ്. കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍ എന്നിവരും നിലവിലെ പ്രായ പരിധിയില്‍ ഉള്‍പ്പെടുന്ന നേതാക്കളാണ്. അതിനാല്‍ ഒഴിവാക്കേണ്ടി വരും. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇത്തരം ചില തീരുമാനങ്ങള്‍ സി.പി.എമ്മിനു സ്വീകരിക്കേണ്ടി വരും.

രേഖകളില്‍ മാത്രമാണു തനിക്ക് 75 വയസെന്ന ജി.സുധാകരന്റെ വാദം സി.പി.എം മുഖവിലക്കെടുക്കുക ആണെങ്കില്‍ അദ്ദേഹത്തിനു ഒരവസരം കൂടി ലഭിക്കാനും സാധ്യത ഏറെയാണ്. എന്തു തന്നെ ആയാലും സി.പി.എം സംസ്ഥാന കമ്മറ്റിയിലും ഇത്തവണ വലിയ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്. അര്‍ഹരര്‍ക്ക് അവസരം നല്‍കുന്ന ഈ നിലപാട് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണ്. അതും നാം തിരിച്ചറിയുക തന്നെ വേണം.