എന്റെ പാട്ടോർമ്മകൾ (മധു നായർ)

ന്നും ആ പാട്ടു കേൾക്കുമ്പോൾ ആ അപകടമാണ് എന്റെ മനസ്സിൽ ഓടിയെത്തുന്നത് .ചില പാഠങ്ങൾ പഠിപ്പിച്ചു തന്ന അനുഭവമായിരുന്നു ആ അപകടം .

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നിൽ പുറത്തിറങ്ങിയ
ബന്ധുക്കൾ ശത്രുക്കൾ
എന്ന സിനിമയിലെ എല്ലാ
ഗാനങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു .

ഇന്നും നിരവധി പേരുടെ ചുണ്ടുകളിൽ മൂളിപ്പാട്ടായി
ആ പാട്ടുകൾ ജീവിക്കുന്നു .അതിലെ ഒരു പാട്ടിനെക്കുറിച്ച് ഒരു അന്ധവിശ്വാസം അക്കാലത്തു നില നിന്നിരുന്നു .

തല്ക്കാല ദുനിയാവ് കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ
കൂടെയുണ്ട് മറക്കാതെ …

എന്ന ഗാനം മൂളി വാഹനമോടിച്ച പലർക്കും
അപകടങ്ങൾ സംഭവിച്ചിട്ടുണ്ടത്രേ ..!

ഞങ്ങൾ ചെറുപ്പക്കാർക്കിടയിൽ
അതൊരു ചർച്ചാ വിഷയമായിരുന്നു .
പലരും സ്വാനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വച്ച്
അവതരിപ്പിച്ച നിറമുള്ള അപകട കഥകൾ എന്റെയുള്ളിൽ മായാതെ കിടന്നിരുന്നു .

പ്രൊഫസ്സർ എ. ടി. കോവൂരിന്റെ തെരഞ്ഞെടുത്ത കൃതികൾ പലകുറി വായിച്ച് അന്ധ വിശ്വാസങ്ങൾക്കും
അനാചാരങ്ങൾക്കുമേതിരെ യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയുമാണ് എന്റെ മനസ്സ് .
മേൽപ്പറഞ്ഞ പാട്ടുമൂളിയാൽ അപകടം വരുമെന്നുള്ള അന്ധവിശ്വാസത്തെ ഞാൻ വേരോടെ പറിച്ചെറിഞ്ഞു കളഞ്ഞു ..!

പക്ഷേ മനസ്സിൽ വീണ ചില കരടുകൾ അത്ര പെട്ടെന്നൊന്നും കഴുകിക്കളയാനാവില്ല .
അതവിടെ പറ്റിപ്പിടിച്ചു കിടക്കും .
ശ്രീകുമാരൻ തമ്പി എഴുതി
ഈണമിട്ട് ഗാനഗന്ധർവ്വൻ
ആലപിച്ച ഈ മനോഹര ഗാനം കേൾക്കുമ്പോഴൊക്കെ
അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസത്തിലൂന്നിയ അപകട കഥകൾ
എന്റെ മനസ്സിൽ ഓടിയെത്തുമായിരുന്നു .

എനിക്കൊരു ശീലമുണ്ട് .
എപ്പോഴും ഇഷ്ടഗാനങ്ങൾ
മനസ്സിൽ മൂളിക്കൊണ്ടിരിക്കും .
മനസ്സിലെ പാട്ടുകളിൽ വല്ലാത്തൊരു മധുരവും കൃത്യതയും ഞാനനുഭവിക്കാറുമുണ്ട് ..!

തനിച്ചുള്ള വാഹന യാത്രാവേളകളിൽ ഞാൻ
ഉറക്കെ പാടും .
ഇഷ്ടവിഷയങ്ങളെ കുറിച്ചു പ്രസംഗിക്കും ..!
ഈ മൊട്ടത്തലയന്
അല്പം നൊസ്സുണ്ടെന്ന് തോന്നുന്നുണ്ട് അല്ലേ …

അന്നത്തെ യാത്രാവേളയിൽ എന്റെ മനസ്സിൽ നിറഞ്ഞു നിന്നത്
തൽക്കാല ദുനിയാവായിരുന്നു .
എന്റെ ഭാര്യാസഹോദരനായിരുന്നു പുറകിൽ .
പത്തു മിനിറ്റു കൊണ്ട്
പന്ത്രണ്ടു കിലോമീറ്റർ അകലെയുള്ള കോളേജിലേക്ക് അളിയനെ എത്തിക്കണം .
തിരക്കിനിടയിൽ മോട്ടോർ സൈക്കിളിന്റെ സ്റ്റാൻഡ് തട്ടാൻ മറന്നു ..!

വണ്ടി പറക്കുകയാണ് .

പച്ചയാം മരത്തിൽ പോലും
തീ പടർത്തും അല്ലാഹു ..
പാഴ്മരുഭൂമിയിലും
പൂവിടർത്തും അല്ലാഹു …

ദാസേട്ടൻ എന്റെ ഉള്ളിലിരുന്നു പാടുകയാണ് . ഒപ്പം ഞാനും ..!
അളിയൻ പുറകിൽ ഉള്ളതു കൊണ്ട് ഞങ്ങളുടെ പാട്ട് ഞാൻ മാത്രമേ കേൾക്കുന്നുള്ളൂ ..!

വഴിയരികിൽ നിൽക്കുന്നവർ വാഹനത്തിന്റെ അതി വേഗത കണ്ട് എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ട് .
സ്റ്റാന്റു തട്ടാനോ വേഗത കുറയ്ക്കുവാനോ ഒക്കെ ആയിരിക്കും അവർ പറഞ്ഞിട്ടുണ്ടാവുക .
ആരു ശ്രദ്ധിക്കാൻ ..?
മനസ്സിൽ ശ്രീകുമാരൻ തമ്പിയും യേശുദാസും ഞാനും കൂടി പഞ്ചാരിമേളം കൊട്ടിക്കയറുകയല്ലേ ..!

തെറ്റുന്ന കണക്കിന്റെ
പുസ്തകം നിൻ മനസ്സ് …
തെറ്റാത്ത കണക്കു തേടും…

മുന്നിൽ ഇടമല വളവ് ..!
നിയന്ത്രണം വിട്ട ബൈക്ക്
റോഡിൽ നിന്നും തെന്നി മാറി . സ്റ്റാൻഡ് വഴിയരികിലെ കല്ലിലുരഞ്ഞു .
ഞങ്ങൾ ഇരുവരും പൾസർ ബൈക്കിനോടൊപ്പം
വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ.. ശിവ ..!

അളിയന് ബോധമില്ല .
അവന്റെ കടവായിലൂടെ
ചോരയൊഴുകുന്നു .
എന്റെ തുടയിലും കയ്യിലും
നെറ്റിയിലും ആഴമേറിയ മുറിവുകൾ ..!

അതുവഴി വന്നവർ ഞങ്ങളെ ആശുപത്രിയിൽ എത്തിച്ചു .
ഒരുപാടു പാട്ടുകൾ കേൾക്കുവാൻ ഇനിയും
ബാക്കിയുള്ളതു കൊണ്ടാവാം ജീവിതം ബാക്കിയായത് .

കയ്യിലെ പാട് ഇപ്പോഴും
അവശേഷിക്കുന്നുണ്ട് .
ആ പാടു കാണുമ്പോഴൊക്കെ എന്റെ അശ്രദ്ധയും അമിത വേഗതയും ഓർമ്മ വരാറുണ്ട് .

ഇതൊക്കെ തന്നെയാവും
എന്റെ സുഹൃത്തുക്കൾക്കും സംഭവിച്ചിട്ടുണ്ടാവുക .
സ്വന്തം അശ്രദ്ധ കൊണ്ട് അപകടങ്ങൾ വരുത്തി വയ്ക്കുകയും അത് പാവം പാട്ടിന്റെ തലയിൽ വച്ചു കെട്ടി അന്ധവിശ്വാസം ഊട്ടിയുറപ്പിക്കുക ..
അതാണ് മനുഷ്യൻ ..!

*********

ചിത്രം … ബന്ധുക്കൾ ശത്രുക്കൾ…
രചന , സംഗീതം …
ശ്രീകുമാരൻ തമ്പി …
ആലാപനം … യേശുദാസ് …

—————————————-

തല്ക്കാല ദുനിയാവു
കണ്ടു നീ മയങ്ങാതെ
എപ്പോഴും മരണം നിൻ
കൂടെയുണ്ട് മറക്കാതെ…

തെറ്റുന്ന കണക്കിന്റെ
പുസ്തകം നിൻ മനസ്സ്
തെറ്റാത്ത കണക്കു തേടും
ജല്ല ജലാലിൻ ആരുളാൽ …

തല്ക്കാല ദുനിയാവ് …

പച്ചയാം മരത്തിൽ പോലും
തീ നിറയ്ക്കും അള്ളാഹു…
പാഴ്മരു ഭൂമിയിലും
പൂ വിടർത്തും അള്ളാഹു …
ആലമിൽ അവൻ നിനയ്ക്കാ –
തിളകുകില്ലൊരണു പോലും
ആ നോട്ടം തിരുത്താത്ത
കണക്കുണ്ടോ കൂട്ടുകാരാ…

തൽക്കാല ദുനിയാവ് …

നിത്യവും കൂട്ടാലെത്ര
കിഴിക്കലെത്ര നീ നടത്തി …
കറുപ്പു നീ വെളുപ്പാക്കി
വെളുപ്പു പിന്നെ കറുപ്പാക്കി …
നീ ചേർത്ത കനകമെല്ലാം
നിൻ ഖബറിൽ കടന്നിടൂമോ ..?
മൂന്നു തുണ്ടം തുണി പൊതിയും
മണ്ണു മാത്രം നിന്റെ ദേഹം..!

തല്ക്കാല ദുനിയാവ് …

—————————————-

വയലാറിനോടൊപ്പം ചേർന്നു നിൽക്കുന്ന എന്റെ മറ്റൊരു ദൈവമാണ് ശ്രീകുമാരൻ തമ്പി സാർ .
ആ പാദങ്ങളിൽ പ്രണമിക്കുന്നു …